അസ്താനയെ ഡൽഹി പൊലീസ് കമീഷണറായി നിയമിച്ചത് പൊതുജന താൽപര്യാർഥമെന്ന് കേന്ദ്രം കോടതിയിൽ
text_fieldsന്യൂഡൽഹി: ഗുജറാത്ത് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ രാകേഷ് അസ്താനയെ ഡൽഹി പൊലീസ് കമീഷണറായി നിയമിച്ചത് പൊതുജന താൽപര്യം മുൻനിർത്തിയെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈകോടതിയിൽ.
രാജ്യതലസ്ഥാനമെന്ന നിലക്ക് ദേശീയസുരക്ഷ, അന്താരാഷ്ട്ര- അതിർത്തികടന്നുള്ള വിഷയങ്ങളുമുൾപ്പെടെ വിവിധ ക്രമസമാധാന പ്രശ്നങ്ങൾ നേരിടുന്നതിനാൽ പരിചയസമ്പന്നനായ ഒരാളെ വേണമെന്ന് കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
ജൂലൈ 31ന് വിരമിക്കാനിരിക്കെ 27ന് അസ്താനയെ ഡൽഹി പൊലീസ് തലപ്പത്ത് അവരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവിനെതിരെ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് സർക്കാർ സത്യവാങ്മൂലം. നിയമപ്രക്രിയയുടെ ദുരുപയോഗമാണെന്നും വ്യക്തിവൈരാഗ്യമാണ് പരാതിക്കാരന് പ്രേരകമായതെന്നും സത്യവാങ്മൂലം കുറ്റപ്പെടുത്തുന്നു.
വിരമിക്കാൻ ആറുമാസ കാലയളവെങ്കിലും ഉള്ളവരാകണമെന്നും നിയമനത്തിന് യു.പി.എസ്.സി പാനൽ വേണമെന്നുമുള്ള ചട്ടങ്ങൾ മറികടന്നാണ് നിയമനമെന്നായിരുന്നു പരാതിയിൽ വ്യക്തമാക്കിയിരുന്നത്. കേസ് സെപ്റ്റംബർ 20ന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.