പാർട്ടികളോട് തെരഞ്ഞെടുപ്പു കമീഷൻ വാഗ്ദാനം പോരാ; വക കാണിക്കണം
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പു കാലത്ത് വാരിക്കോരി വാഗ്ദാനങ്ങൾ വിളമ്പുന്ന രാഷ്ട്രീയ പാർട്ടികൾ, ധനസമാഹരണ മാർഗങ്ങൾ അടക്കം അതു നടപ്പാക്കാൻ ഉദ്ദേശിക്കുന്ന രീതിയും പ്രകടന പത്രികയിൽ വിവരിക്കണമെന്ന വ്യവസ്ഥ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷൻ. എന്നാൽ, കമീഷനുതന്നെ പെരുമാറ്റച്ചട്ടം ആവശ്യമായെന്ന പരാമർശത്തോടെ കരടു നിർദേശം വിവിധ പാർട്ടികൾ തള്ളി.
പ്രായോഗികമായി നടപ്പാക്കാൻ കഴിയാത്ത പൊള്ളയായ വാഗ്ദാനങ്ങൾ ജനങ്ങൾക്കു മുന്നിൽ വെക്കുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നാണ് അംഗീകൃത ദേശീയ, സംസ്ഥാന പാർട്ടികൾക്ക് അയച്ച കത്തിൽ തെരഞ്ഞെടുപ്പു കമീഷൻ വിശദീകരിച്ചത്. അധിക നികുതി, ചെലവു ക്രമീകരണം തുടങ്ങി ഏതു രീതിയിൽ പണം കണ്ടെത്തുമെന്നുപറയാതെ വാഗ്ദാനങ്ങൾ നൽകുന്നത് ഉചിതമല്ല. പാർട്ടികൾ മുന്നോട്ടുവെക്കുന്ന വാഗ്ദാനം നടപ്പാക്കുന്നതിനുള്ള പ്രായോഗിക വഴികൾ മനസ്സിലാക്കുന്നത് ശരിയായ തീരുമാനമെടുക്കാൻ സമ്മതിദായകനെ സഹായിക്കും. ഇക്കാര്യത്തിൽ ഈ മാസം 19നകം അഭിപ്രായം അറിയിക്കാൻ എല്ലാ പാർട്ടികളോടും കമീഷൻ നിർദേശിച്ചു. സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽനിന്ന് വിട്ടുനിൽക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന് വിരുദ്ധമാണ് കമീഷന്റെ പുതിയ സമീപനം. നയപരമായ തീരുമാനങ്ങളിൽ ഇടപെടാനാവില്ലെന്നാണ് കമീഷൻ സുപ്രീംകോടതിയിൽ ബോധിപ്പിച്ചത്.
അധികാരപരിധി ലംഘിക്കുന്ന അനാവശ്യ നീക്കമാണ് കമീഷൻ നടത്തുന്നതെന്ന് സി.പി.എം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവകവുമായി നടത്തുകയാണ് കമീഷന്റെ ചുമതല. ജനങ്ങൾക്കു മുന്നിൽ വെക്കുന്ന നയപരമായ പ്രഖ്യാപനങ്ങളോ ക്ഷേമനടപടികളോ നിയന്ത്രിക്കുന്നത് കമീഷന്റെ പണിയല്ല. ജനാധിപത്യത്തിൽ അത് പാർട്ടികളുടെ അവകാശമാണ്. സർക്കാറിന്റെ സമ്മർദമാണോ ഇപ്പോഴത്തെ നീക്കത്തിന് കമീഷനെ പ്രേരിപ്പിച്ചതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ സംശയം പ്രകടിപ്പിച്ചു.
പുതിയ നിർദേശം മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാക്കാൻ ഉദ്ദേശിക്കുന്ന കമീഷന് പെരുമാറ്റച്ചട്ടം ആവശ്യമായി വന്നിരിക്കുകയാണെന്ന് സമാജ്‍വാദി പാർട്ടിയുടെ പിന്തുണയിൽ രാജ്യസഭയിലെത്തിയ പ്രമുഖ അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.