കെ-റെയിൽ: കടബാധ്യതയുടെ കാര്യത്തിൽ കൈയൊഴിഞ്ഞ് റെയിൽവേ, പദ്ധതി നിലവിലെ രൂപത്തിൽ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രിയോട് കേന്ദ്രമന്ത്രി
text_fieldsന്യൂഡൽഹി: എൽ.ഡി.എഫ് സർക്കാർ സ്വപ്നപദ്ധതിയായി അവതരിപ്പിക്കുന്ന കെ റെയിലിെൻറ കടബാധ്യതയുടെ കാര്യത്തിൽ കൈയൊഴിഞ്ഞ് റെയിൽവേ മന്ത്രാലയം. ഇതോടെ സംസ്ഥാന സർക്കാർ പുറംവായ്പയായി വാങ്ങാൻ ഉദ്ദേശിക്കുന്ന 33,700 കോടി രൂപയുടെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നത് ചോദ്യചിഹ്നമായി.
കേരളം തയാറാക്കി നൽകിയ പദ്ധതി നിലവിലെ രൂപത്തിൽ പ്രായോഗികമല്ലെന്നും റെയിൽവേ വിശദമായി പരിശോധിച്ചു വരുകയാണെന്നും വകുപ്പു മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്കുള്ള യാത്രസമയം നാലു മണിക്കൂറായി ചുരുക്കുന്ന വിധം നിർമിക്കാൻ ഉദ്ദേശിക്കുന്ന സെമി ഹൈസ്പീഡ് റെയിൽ ലൈൻ ( അർധ അതിവേഗ റെയിൽപാത ) എന്ന സിൽവർ ലൈൻ പദ്ധതിയുടെ അന്തിമാനുമതി വേഗത്തിലാക്കണമെന്ന ആവശ്യവുമായാണ് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ ചെന്നു കണ്ടത്.
അന്താരാഷ്ട്ര ധനകാര്യ ഏജൻസികളായ ഏഷ്യൻ വികസന ബാങ്ക്, ഗ്ലോബൽ ഇൻഫ്രാസ്ട്രക്ചർ കണക്ടിവിറ്റി അലയൻസ് എന്ന ഗൈക്ക, ഏഷ്യൻ അടിസ്ഥാന സൗകര്യ നിക്ഷേപ ബാങ്ക്, ജർമനിയുടെ െക.എഫ്.ഡബ്ല്യു നിക്ഷേപ ബാങ്ക് എന്നിവയിൽ നിന്നാണ് 33,700 കോടി വായ്പയെടുക്കാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നത്. ഇങ്ങനെ പുറം വായ്പയെടുക്കാൻ കേന്ദ്രാനുമതി വേണം. കേന്ദ്ര ധനമന്ത്രാലയത്തിെൻറ അനുമതി ലഭ്യമാകണമെങ്കിൽ റെയിൽവേ പിന്തുണക്കണം. ഇതിനു വേണ്ടിയായിരുന്നു പ്രധാനമായും കൂടിക്കാഴ്ച. എന്നാൽ കടബാധ്യതയുടെ കാര്യത്തിൽ വ്യക്തത പോരെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
വായ്പയുടെ ബാധ്യത റെയിൽവേ ഏറ്റെടുക്കില്ല. ഇക്കാര്യത്തിൽ കൂടുതൽ വിശദമായി വിവരങ്ങൾ നൽകാതെ തുടർനടപടി സ്വീകരിക്കാനാവില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സംസ്ഥാനം കടബാധ്യത പൂർണമായി ഏറ്റെടുക്കുമെന്ന ഉറപ്പു നൽകാൻ മുഖ്യമന്ത്രിക്കും കഴിഞ്ഞില്ല. ബാധ്യത സംസ്ഥാനത്തിന് ഏറ്റെടുക്കാൻ കഴിയുമോ എന്ന കാര്യം പരിശോധിക്കുമെന്നാണ് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയോടു പറഞ്ഞത്. ഈ സാഹചര്യത്തിൽ കൂടുതൽ ചർച്ചകൾ വേണമെന്ന് നിശ്ചയിച്ചിട്ടുണ്ട്. വിഷയം ചർച്ച ചെയ്യാൻ റെയിൽ മന്ത്രി നവംബർ ആദ്യവാരം റെയിൽവേയുടെയും കെ റെയിലിെൻറയും മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.
കെ റെയിൽ പദ്ധതിക്ക് റെയിൽവേ തത്ത്വത്തിൽ അനുമതി നൽകിയിരുന്നു. അന്തിമ അനുമതിക്കായി വിശദ പദ്ധതി റിപ്പോർട്ട് റെയിൽവേ ബോർഡിന് കേരളം സമർപ്പിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ടു പോകുന്നതിന് എതിരല്ലെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചിരുന്നു. ഇതിനിടയിലാണ് പുറം വായ്പ, പദ്ധതിയുടെ പ്രായോഗികത എന്നീ കാര്യങ്ങളിൽ റെയിൽവേയുടെ ഉടക്ക്.
റെയിൽവേ മന്ത്രിയുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ ജോൺ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി.പി. ജോയി, കേരള ഹൗസ് റസിഡൻറ് കമീഷണർ സൗരഭ് ജെയിൻ, കെ റെയിൽ മാനേജിങ് ഡയറക്ടർ കെ. അജിത് കുമാർ, സ്പെഷൽ ഓഫിസർ വിജയകുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.