കേന്ദ്ര ഹജ്ജ് നയം പ്രഖ്യാപിച്ചു
text_fieldsമുംബൈ: അടുത്ത വർഷത്തേക്കുള്ള കേന്ദ്ര സർക്കാറിെൻറ ഹജ്ജ് നയം ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പ്രഖ്യാപിച്ചു. മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ അഫ്സൽ അമാനുല്ലയുടെ നേതൃത്വത്തിലുള്ള സമിതിയുടെ നിർദേശങ്ങളിൽ ചിലത് അംഗീകരിച്ചും മറ്റു ചിലത് മാറ്റിവെച്ചുമാണ് പുതിയ നയം.
അടുത്ത അഞ്ചു വർഷത്തേക്ക് സർക്കാർ ക്വോട്ട 70 ശതമാനവും സ്വകാര്യ ൈപ്രവറ്റ് ടൂർ ഓപറേറ്റർമാരുടേത് 30 ശതമാനവുമായി നിശ്ചയിച്ചു. കഴിഞ്ഞ വർഷം ഇത് 75:25 അനുപാതത്തിലായിരുന്നു.
45 വയസ്സിനു മുകളിലുള്ള നാലോ അതിലേറെയോ സ്ത്രീകളുടെ സംഘത്തിന് രക്തബന്ധമുള്ള ആൺതുണ (മെഹ്റം) ഇല്ലാതെ ഹജ്ജിന് പോകാമെന്ന ശിപാർശ കേന്ദ്രം അംഗീകരിച്ചു. 70 കഴിഞ്ഞവർക്കുള്ള സംവരണം നിലനിർത്തിയ സർക്കാർ, നേരേത്ത അവസരം ലഭിക്കാതെ അഞ്ചാം തവണ അപേക്ഷിക്കുന്നവർക്കുള്ള സംവരണം ഒഴിവാക്കി.
നിലവിലുള്ള 21 എമ്പാർക്കേഷൻ കേന്ദ്രങ്ങളും നിലനിർത്തിയിട്ടുണ്ട്. ചില സംസ്ഥാനങ്ങൾക്ക് വിമാനടിക്കറ്റ് നിരക്കിൽ കുറവുള്ള സമീപപ്രദേശങ്ങളിലെ എമ്പാർക്കേഷൻ കേന്ദ്രങ്ങൾ വഴി തീർഥാടകരെ അയക്കാൻ അനുമതി നൽകി. എമ്പാർക്കേഷൻ കേന്ദ്രങ്ങളുടെ എണ്ണം ഒമ്പതായി കുറക്കാനായിരുന്നു സമിതി നിർദേശം. ശ്രീനഗർ (കഴിഞ്ഞ വർഷത്തെ ടിക്കറ്റ് നിരക്ക് 1.09 ലക്ഷം) വഴിയുള്ള ഹാജിമാർക്ക് ആവശ്യമെങ്കിൽ ഡൽഹി (73,697 രൂപ) എമ്പാർക്കേഷൻ കേന്ദ്രം സ്വീകരിക്കാം. ഗുവാഹതി (1.15 ലക്ഷം), റാഞ്ചി (1.07 ലക്ഷം), ഗയ (1.13 ലക്ഷം) എന്നിവിടങ്ങളിലെ തീർഥാടകർക്ക് 83,027 രൂപ നിരക്കായിരുന്ന കൊൽക്കത്ത തിരഞ്ഞെടുക്കാം. ഭോപാൽ (95,328), ഗോവ (81,536), ഔറംഗാബാദ് (87,460) എന്നിവിടങ്ങളിലുള്ളവർക്ക് മുംബൈ (58,254) തിരഞ്ഞെടുക്കാം. മംഗളൂരുവിലുള്ളവർക്ക് (1.05 ലക്ഷം) ബംഗളൂരു (71,586) വഴി പോകാം.
എന്നാൽ, കൊച്ചി (76,372), ജയ്പുർ (83,216 ), നാഗ്പുർ (70,972), ഡൽഹി, മുംബൈ, കൊൽക്കത്ത, ബംഗളൂരു, ഹൈദരാബാദ് (65,655), ചെന്നൈ (83,832), അഹ്മദാബാദ് (63,135), ലഖ്നോ (80,966) എന്നിവിടങ്ങളിൽനിന്നുള്ള തീർഥാടകർക്ക് മറ്റു കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാനാവില്ല.
അസീസിയ, ഗ്രീൻ കാറ്റഗറികൾ നിലനിർത്തി. അസീസിയ കാറ്റഗറിയിൽ ഒരാൾക്ക് രണ്ടുലക്ഷം രൂപയും ഗ്രീൻ കാറ്റഗറിയിൽ 2.34 ലക്ഷം രൂപയുമായിരുന്നു കഴിഞ്ഞ തവണ. ഇത്തവണ ബന്ധപ്പെട്ട ഏജൻസികളുടെ തീരുമാനത്തിനനുസരിച്ച് നിരക്ക് മാറാമെന്ന് അധികൃതർ വ്യക്തമാക്കി. മുമ്പ് സൗദി സന്ദർശിച്ചവരുണ്ടെങ്കിൽ 2,000 സൗദി റിയാൽ അധികം നൽകണം. തീർഥാടകരുമായുള്ള ആദ്യ വിമാനം ജൂലൈ 11നാണ് പുറപ്പെടുക. ആഗസ്റ്റ് 13ന് അവസാന സംഘം പുറപ്പെടും. ആഗസ്റ്റ് 24 മുതൽ മടക്കയാത്ര തുടങ്ങും.
അടുത്ത ഹജ്ജിനുള്ള അപേക്ഷ സ്വീകരിക്കുന്നത് കഴിഞ്ഞ വർഷത്തേതിൽനിന്ന് ഒരുമാസം നേരത്തേയാണ്. അനുബന്ധ ഏജൻസികൾക്ക് അവരവരുടെ ചുമതലകൾ കൃത്യമായി നിർവഹിക്കാനും ലോകോത്തര നിലവാരത്തോടെ ഹജ്ജ് തീർഥാടനം സാധ്യമാക്കാനുമാണിതെന്ന് മന്ത്രി പറഞ്ഞു. ഹജ്ജ് അപേക്ഷയുൾപ്പെടെ പൂർണമായും ഡിജിറ്റലാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.