സമ്പദ്വ്യവസ്ഥ നശിപ്പിച്ച ശേഷം കേന്ദ്രസർക്കാർ ദൈവത്തെ പഴിക്കുന്നു -സി.പി.എം
text_fieldsന്യൂഡൽഹി: സമ്പദ്വ്യവസ്ഥ നശിപ്പിച്ചശേഷം ദൈവത്തെ പഴിചാരി രക്ഷപ്പെടാനുള്ള കേന്ദ്ര സർക്കാർ നീക്കം അങ്ങേയറ്റം അപലപനീയമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ. 2020-21 സാമ്പത്തിക വർഷം സംസ്ഥാനങ്ങൾക്ക് നൽകാനുള്ള ജി.എസ്.ടി കുടിശ്ശിക അടയ്ക്കാൻ കേന്ദ്ര സർക്കാരിന് കഴിയില്ലെന്ന കേന്ദ്ര ധനമന്ത്രിയുടെ നിലപാട് അങ്ങേയറ്റം ക്രൂരമാണെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.
ഏകദേശം 2.35 ലക്ഷം കോടി രൂപയാണ് സംസ്ഥാനങ്ങളുടെ ജി.എസ്.ടി വരുമാനക്കുറവ്. ഈ വിടവ് നികത്താൻ സംസ്ഥാനങ്ങൾ റിസർവ് ബാങ്കിൽനിന്ന് കടം വാങ്ങണമെന്നാണ് പറയുന്നത്. ഇത് അംഗീകരിക്കാനാവില്ല. ജി.എസ്ടി കുടിശ്ശിക നൽകാൻ കേന്ദ്രസർക്കാർ നിയമപരമായി ബാധ്യസ്ഥരാണ്. അതിന് കഴിയില്ലെങ്കിൽ കേന്ദ്രമാണ് കടമെടുത്ത് സംസ്ഥാനങ്ങളുടെ ബാധ്യത തീർക്കേണ്ടത്. കടംവാങ്ങാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കരുത്.
കോവിഡിന് മുമ്പുതന്നെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിട്ട സർക്കാർ, ഇപ്പോൾ "ദൈവിക ഇടപെടലായി" കുറ്റപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. ഇത് തികച്ചും തെറ്റിദ്ധരിപ്പിക്കുന്ന നീക്കമാണ് -പ്രസ്താവനയിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിനുശേഷം സാമ്പത്തികമേഖല കോവിഡ് പ്രതിസന്ധിയിലാണെന്നും അത് ദൈവത്തിെൻറ പ്രവർത്തിയാണെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. ചരക്ക് സേവന നികുതി നടപ്പാക്കിയതു മൂലം സംസ്ഥാനങ്ങൾക്കുണ്ടായ വരുമാന നഷ്ടം കോവിഡ് കാലത്ത് നൽകാൻ കഴിയില്ലെന്നും സംസ്ഥാന സർക്കാറുകൾക്ക് വേണമെങ്കിൽ കൂടുതൽ കടമെടുക്കാമെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.
ഇത് സഹകരണ ഫെഡറലിസത്തിെൻറ കടുത്ത ലംഘനമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. കുത്തക മുതലാളിമാരുടെ തോളിൽ കൈയ്യിട്ടും സാധാരണക്കാരെ കൈവിട്ടും സ്വീകരിച്ച നയങ്ങൾ മൂലം കോവിഡ് മഹാമാരിക്കുമുേമ്പ സാമ്പത്തിക രംഗം തകർത്തവരാണ് ഇപ്പോൾ ദൈവത്തെ മറയാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്നതെന്നും യെച്ചൂരി ട്വിറ്ററിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.