പോളിസി റിസർച്ചിന്‍റെ വിദേശ സംഭാവന ലൈസൻസ് കേന്ദ്രസർക്കാർ റദ്ദാക്കി
text_fieldsന്യൂഡൽഹി: പ്രമുഖ സന്നദ്ധ സംഘടനയും വിചാര കേന്ദ്രവുമായ സെന്‍റർ ഫോർ പോളിസി റിസർച്ചിന് വിദേശ സംഭാവന സ്വീകരിക്കുന്നതിന് വിലക്ക്. വിദേശ സംഭാവന നിയന്ത്രണ നിയമവ്യവസ്ഥകൾ ലംഘിച്ചുവെന്ന് കുറ്റപ്പെടുത്തി ആഭ്യന്തര മന്ത്രാലയം രജിസ്ട്രേഷൻ റദ്ദാക്കി. നേരത്തെ ആദായനികുതി വകുപ്പ് സ്ഥാപനത്തിൽ റെയ്ഡ് നടത്തിയിരുന്നു.
1973ൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തിന് വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസൻസ് കഴിഞ്ഞ ഫെബ്രുവരിയിൽ ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. ഇത് പിന്നീട് ആറു മാസത്തേക്കുകൂടി നീട്ടി. ഹിതകരമല്ലാത്ത ലക്ഷ്യങ്ങൾക്കാണ് വിദേശസംഭാവന സ്വീകരിക്കുന്നതെന്നാണ് ഇതു സംബന്ധിച്ച കേസിൽ ആഭ്യന്തര മന്ത്രാലയം ഡൽഹി ഹൈകോടതിയിൽ സ്വീകരിച്ച നിലപാട്.
ബിൽ ഗേറ്റ്സ് ഫൗണ്ടേഷൻ, ഹ്യൂലെറ്റ് ഫൗണ്ടേഷൻ, ലോകബാങ്ക്, ഫോർഡ് ഫൗണ്ടേഷൻ, ബ്രൗൺ യൂനിവേഴ്സിറ്റി തുടങ്ങിയവ സെന്‍റർ ഫോർ പോളിസി റിസർച്ചിന് സംഭാവന നൽകിപ്പോന്ന അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ പട്ടികയിൽ പെടും. മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്, സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡ്, പ്രമുഖ മാധ്യമപ്രവർത്തകൻ ബി.ജി വർഗീസ് തുടങ്ങിയവർ നിർവാഹക സമിതി അംഗങ്ങളായി പ്രവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.