സംസ്ഥാനങ്ങള്‍ക്കുള്ള റെംഡിസിവിര്‍ വിതരണം നിര്‍ത്തുന്നുവെന്ന് കേന്ദ്രം
text_fieldsന്യൂഡല്‍ഹി: കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന റെംഡിസിവിര്‍ മരുന്നിന്‍റെ ഉൽപാദനം പത്ത് മടങ്ങ് വർധിപ്പിച്ചിട്ടുണ്ടെന്നും സംസ്ഥാനങ്ങൾക്കുള്ള അതിന്‍റെ കേന്ദ്രീകൃത വിതരണം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഇനി മുതല്‍ സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് റെംഡിസിവിര്‍ സംഭരിക്കണമെന്ന് കേന്ദ്ര കെമിക്കല്‍സ് ആൻഡ് ഫെര്‍ട്ടിലൈസേര്‍സ് വകുപ്പ് സഹമന്ത്രി മന്‍സുഖ് മാണ്ഡവിയ പറഞ്ഞു. രാജ്യത്ത് ആവശ്യമുള്ളതിലും അധികം റെംഡിസിവിര്‍ ഉത്പാദിപ്പിക്കുന്നുണ്ട്. അതിനാലാണ് സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രീകരണ വിതരണം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.
റെംഡിസിവിര്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്‍റുകളുടെ എണ്ണം ഒരു മാസത്തിനുള്ളില്‍ ഇരുപതില്‍ നിന്ന് അറുപതായി വര്‍ധിപ്പിച്ചു. പ്രതിദിനം 3,50,000 വൈല്‍ റെംഡിസിവിര്‍ ആണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്. ഏപ്രിലിലെ പ്രതിദിന ഉത്പാദനത്തേക്കാള്‍ പത്ത് മടങ്ങ് കൂടുതലാണ് ഇത്. 2021 ഏപ്രിൽ 11ന് 33,000 വൈൽസ് ആണ് പ്രതിദിനം ഉൽപാദിപ്പിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുവരെ 98.87 ലക്ഷം വൈല്‍ റെംഡിസിവിര്‍ ആണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും വിതരണം ചെയ്തത്. മെയ് 23 മുതല്‍ 30 വരെ 22.17 ലക്ഷം വൈല്‍ മരുന്ന് കൂടി നല്‍കും. ഭാവിയിലെ അടിയന്തര ആവശ്യം പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍ 50 ലക്ഷം വൈല്‍ റെംഡിസിവിര്‍ സംഭരിക്കുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി റെംഡിസിവിറിനുള്ള കസ്റ്റംസ് നികുതി സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഉത്പാദനത്തിനുള്ള വസ്തുക്കള്‍ക്കും നികുതി കുറച്ചു. ഇതോടെ മരുന്ന് കമ്പനികൾ റെംഡിസിവിറിന്‍റെ വിലയും കുറച്ചിരുന്നു. രാജ്യത്തെ സ്ഥിതി മെച്ചപ്പെടുന്നത് വരെ റെംഡിസിവിര്‍ കയറ്റുമതി ചെയ്യുന്നത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് മരുന്ന് ആവശ്യത്തിന് ലഭ്യമാണെന്ന് ഉറപ്പാക്കണമെന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിങ് ഏജന്‍സിക്കും സി.ഡി.എസ്.സി.ഒക്കും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.