കൂടുതൽ നിയമങ്ങൾ പൊളിച്ചെഴുതാൻ കേന്ദ്രം
text_fieldsന്യൂഡൽഹി: ഇന്ത്യൻ ശിക്ഷാ നിയമവും ക്രിമിനൽ നടപടി ക്രമവും ഇന്ത്യൻ തെളിവ് നിയമവും പൊളിച്ചെഴുതിയ ശേഷം സ്വാതന്ത്ര്യ ലബ്ധിക്ക് മുമ്പുള്ള രാജ്യത്തെ കൂടുതൽ നിയമങ്ങൾ മാറ്റിയെഴുതാൻ കേന്ദ്ര സർക്കാർ ചർച്ച തുടങ്ങി. ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല ഇതിനായി വിളിച്ചുചേർത്ത യോഗം 1920ലെ പാസ്പോർട്ട് നിയമം, 1923ലെ ഔദ്യോഗിക രഹസ്യ നിയമം, 1946ലെ വിദേശി രജിസ്ട്രേഷൻ നിയമം, 1915ലെ ഡൽഹി നിയമങ്ങൾ, 1919ലെ വിഷ നിയമം എന്നിവ മാറ്റിയെഴുതുന്ന കാര്യം ചർച്ച ചെയ്തു. ഇവ മാറ്റുന്നത് സംബന്ധിച്ച് നിയമ മന്ത്രാലയവുമായും വിവിധ സംസ്ഥാനങ്ങളുമായും ആഭ്യന്തര മന്ത്രാലയം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.
2014ൽ അധികാരമേറ്റത് മുതൽ പഴകിയതും അനാവശ്യവുമെന്ന് വ്യക്തമാക്കി 1486 കേന്ദ്ര നിയമങ്ങൾ റദ്ദാക്കിയ ശേഷമാണ് ബ്രിട്ടീഷുകാലത്തെ നിയമവ്യവസ്ഥ പൊളിച്ചെഴുതാൻ നരേന്ദ്ര മോദി സർക്കാർ നീങ്ങുന്നത്. 2014 സെപ്റ്റംബറിൽ അപ്രസക്ത നിയമങ്ങൾ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടംഗ കമ്മിറ്റിയെ പ്രധാനമന്ത്രിയുടെ ഓഫിസ് ചുമതലപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു 1500ഓളം നിയമങ്ങൾ റദ്ദാക്കിയത്.
ഇന്ത്യൻ ശിക്ഷാ നിയമവും ക്രിമിനൽ നടപടി ക്രമവും ഇന്ത്യൻ തെളിവ് നിയമവും മാറ്റി പകരം കൊണ്ടുവരാനുള്ള ‘ഭാരതീയ ന്യായ സംഹിത’ 2023, ഭാരതീയ ന്യായ സുരക്ഷ സംഹിത 2023, ഭാരതീയ സാക്ഷ്യ ബിൽ 2023 എന്നിവ പാർലമെന്റിന്റെ വർഷകാലസമ്മേളനത്തിലാണ് ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ചത്. രാജ്യത്തെ ക്രിമിനൽ നീതിന്യായ വ്യവസ്ഥ അടിമുടി മാറ്റുന്നതാണ് ഈ ബില്ലുകളെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. പാർലമെന്റിൽ അവതരിപ്പിച്ചതിന് പിന്നാലെ പാർലമെന്ററി സമിതിയുടെ പരിഗണനക്ക് മൂന്ന് ബില്ലുകളും വിടുകയാണ് സർക്കാർ ചെയ്തത്. അവക്ക് മേൽ ചർച്ചയും കൂടിയാലോചനയുമായി സഭാ സമിതി മുന്നോട്ടുപോകുന്നതിനിടയിലാണ് ബ്രിട്ടീഷ് നിയമങ്ങളുടെ പൊളിച്ചെഴുത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കേന്ദ്ര സർക്കാർ കടക്കുന്നത്. പഴയ നിയമങ്ങളുടെ ഭാരത്തിൽനിന്ന് പൗരന്മാരെ മുക്തരാക്കി ഇന്ത്യൻ നിയമ വ്യവസ്ഥ സാധാരണക്കാരന് കൂടുതൽ പ്രാപ്യമാക്കുകയാണ് കൂടുതൽ നിയമങ്ങൾ പൊളിച്ചെഴുതുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ദശകങ്ങളായി മാറ്റി എഴുതാതെ കിടക്കുന്നതാണ് 1946ലെ വിദേശി രജിസ്ട്രേഷൻ നിയമമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ആളുകൾ തൊഴിലിനും വിനോദത്തിനുമായി നടത്തുന്ന യാത്രകളിൽ വലിയ മാറ്റം വന്ന ആധുനിക കാലത്തും പഴയ നിയമമാണ് രാജ്യം പിന്തുടരുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. ഈ നിയമത്തിൽ ചില ഭേദഗതികൾ ഗസറ്റ് വിജ്ഞാപനം വഴി നടത്തിയതല്ലാതെ സമഗ്രമായ പുനഃപരിശോധന നടന്നിട്ടില്ല. ബ്രിട്ടീഷുകാർ ഉണ്ടാക്കിയ ഔദ്യോഗിക രഹസ്യനിയമം പുനഃപരിശോധിക്കാൻ എടുത്ത തീരുമാനം കാലങ്ങളായി നടപ്പാക്കാതെ കിടക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
തിരക്കിട്ട നീക്കം പ്രതിപക്ഷ വിയോജനത്തോടെ
ന്യൂഡൽഹി: ഇന്ത്യൻ ക്രിമിനൽ നിയമവ്യവസ്ഥ പൊളിച്ചെഴുതാനുള്ള മോദി സർക്കാറിന്റെ തീരുമാനത്തിന് ആഭ്യന്തരകാര്യ പാർലമെന്ററി സമിതിയുടെ പച്ചക്കൊടി പ്രതിപക്ഷ എം.പിമാരുടെ വിയോജനക്കുറിപ്പോടെ. പാർലമെന്ററി സ്ഥിരംസമിതി റിപ്പോർട്ടിന്മേൽ ധിറുതി പിടിച്ച് നടപടി അരുതെന്നും മൂന്ന് ബില്ലുകൾ നടപ്പാക്കുന്നതിൽ അവധാനത വേണമെന്നും അംഗങ്ങളായ കോൺഗ്രസ് നേതാവ് പി. ചിദംബരം, തൃണമൂൽ കോൺഗ്രസ് രാജ്യസഭാ നേതാവ് ഡെറിക് ഒബ്രിയാൻ എന്നിവർ സമിതി അധ്യക്ഷനായ ബി.ജെ.പി രാജ്യസഭാ എം.പി ബ്രിജ് ലാലിനെ രേഖാമൂലംഅറിയിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമവും ക്രിമിനൽ നടപടി ക്രമവും ഇന്ത്യൻ തെളിവ് നിയമവും പൊളിച്ചെഴുതിയുണ്ടാക്കിയ മുന്ന് ബില്ലുകളിന്മേലുള്ള പാർലമെന്ററി സ്ഥിര സമിതിയുടെ റിപ്പോർട്ടിലാണ് പ്രതിപക്ഷ എം.പിമാർ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത്. ബി.ജെ.പിക്ക് വൻ ഭൂരിപക്ഷമുള്ള 30 അംഗ സമിതിയിൽ 10 പേരാണ് പ്രതിപക്ഷത്തുനിന്നുള്ളത്. മതിയായ ചർച്ചകളില്ലാതെ റിപ്പോർട്ട് തയാറാക്കുന്നത് കൊണ്ടാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷ എം.പിമാർ അറിയിച്ചു.
1860 തൊട്ടുള്ള നിയമങ്ങൾ മാറ്റിയെഴുതുന്ന ബില്ലിന്മേലുള്ള ചർച്ചക്ക് അഞ്ച് ദിവസം മുമ്പാണ് പാർലമെന്ററി സമിതി ചെയർമാൻ അംഗങ്ങൾക്ക് നോട്ടീസ് നൽകിയതെന്ന് ചിദംബരവും സുപ്രധാന റിപ്പോർട്ട് തിരക്കിട്ട് തയാറാക്കുന്നത് വിപരീത ഫലമുളവാക്കുമെന്ന് ഡെറിക് ഒബ്രിയാനും ചൂണ്ടിക്കാട്ടി.
യു.എ.പി.എ അടക്കമുള്ള ഭീകരവിരുദ്ധ നിയമങ്ങളിലെ ചില വ്യവസ്ഥകൾ ഭാരതീയ ന്യായസംഹിതയിൽ ഉൾപ്പെടുത്തിയതിലും വിയോജിച്ചു. അറസ്റ്റ് ചെയ്യാത്ത വ്യക്തിയുടെ വിരലടയാളവും ശബ്ദസാമ്പ്ളും ശേഖരിക്കുന്നതിന് ഉത്തരവിടാൻ മജിസ്ട്രേറ്റിന് അധികാരം നൽകുന്ന വ്യവസ്ഥയും ഭീകര നിയമങ്ങളിലെ വ്യവസ്ഥകൾ പൊതുനിയമങ്ങളാക്കി മാറ്റുന്നതിനെയും പ്രതിപക്ഷ അംഗങ്ങൾ ചോദ്യം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.