'കേന്ദ്രം ജഡ്ജിമാരെ നിർദേശിച്ചു'; വെളിപ്പെടുത്തി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സുപ്രീംകോടതിയിലും ഹൈകോടതികളിലും ജഡ്ജിമാരായി നിയമിക്കാൻ കേന്ദ്രസർക്കാർ ചിലരുടെ പേരുകൾ നിർദേശിച്ചതായി സുപ്രീംകോടതി വെളിപ്പെടുത്തൽ. എന്നാൽ, ആ പേരുകളൊന്നും കൊളീജിയം ശിപാർശകളിൽ ഉൾപ്പെടുത്തിയില്ലെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് കൂട്ടിച്ചേർത്തു. ജഡ്ജിനിയമനത്തിനുള്ള കൊളീജിയം ശിപാർശകൾ നടപ്പാക്കാത്ത കേന്ദ്ര സർക്കാറിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ നിർണായക വെളിപ്പെടുത്തൽ.
കൊളീജിയം തുടർച്ചയായി ശിപാർശ ചെയ്തിട്ടും കേന്ദ്ര സർക്കാർ അംഗീകരിക്കാതെ തിരിച്ചയച്ചവരുടെ കാര്യത്തിൽ ജസ്റ്റിസ് കൗളിന്റെ ബെഞ്ച് വിധി പറഞ്ഞില്ല. ഇക്കാര്യത്തിലുള്ള തീരുമാനം കൊളീജിയത്തിന് വിട്ടു.ജഡ്ജിമാരാക്കുന്നതിന് കൊളീജിയം ശിപാർശ ചെയ്ത 22 പേരുകൾ ആദ്യം കേന്ദ്രം തിരിച്ചയച്ചു. ഈ പേരുകൾ വീണ്ടും കൊളീജിയം ശിപാർശ ചെയ്തു. ആവർത്തിച്ചയച്ച ശിപാർശ മടക്കരുതെന്നാണ് കീഴ്വവഴക്കം.
ഇക്കാര്യം കേന്ദ്ര സർക്കാറിന്റെ അറ്റോണി ജനറലിന്റെ ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് കേന്ദ്രം ചില പേരുകൾ കൊളീജിയത്തോട് നിർദേശിച്ചെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ജസ്റ്റിസ് കൗൾ നടത്തിയത്.കൊളീജിയം സമർപ്പിച്ച പട്ടികയിൽ അവശേഷിച്ച 22 പേരുകളിൽ തീരുമാനം എടുക്കാതെ ഒടുവിൽ തിരിച്ചയച്ചതായും ജസ്റ്റിസ് കൗൾ വിശദീകരിച്ചു. കേന്ദ്രത്തിന്റെ ഈ നടപടി ശരിയായാലും തെറ്റായാലും കൊളീജിയം അത് കൈകാര്യം ചെയ്യും. തിരിച്ചയച്ച പേരുകളിൽ ചിലത് ആദ്യമായി ശിപാർശ ചെയ്തതായിരുന്നു.
ശിപാർശ ആവർത്തിച്ച ചില പേരുകളും അതിനൊപ്പം തിരിച്ചയച്ചു. വീണ്ടും അതേ പേര് കൊളീജിയം ശിപാർശ ചെയ്തപ്പോൾ മൂന്നാമതും തിരിച്ചയച്ചു. എന്നാൽ ജഡ്ജിമാരാക്കാൻ നിർദേശമുയർന്ന ചില പേരുകൾ കൊളീജിയം അംഗീകരിച്ചില്ല. കേന്ദ്ര സർക്കാറിന് സ്വന്തം വിവേകമനുസരിച്ച് പരിഗണിക്കാൻ തോന്നിയ പേരുകളായിരുന്നു അത്. കേന്ദ്ര സർക്കാർ നിർദേശിച്ച ആ പേരുകൾ ഇനി പരിഗണിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ കേന്ദ്രത്തിന്റെ നിലപാട് കൊളീജിയത്തിന് അറിയേണ്ടതുണ്ട്.
ആവർത്തിച്ച് ശിപാർശചെയ്ത പേരുകൾ കേന്ദ്രം തിരിച്ചയക്കുന്നത് ആശങ്കജനകമാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. ഇക്കാര്യം കഴിഞ്ഞ തവണ പുറപ്പെടുവിച്ച വിധിയിൽ തങ്ങൾ വ്യക്തമാക്കിയതും അക്കാര്യം പരിശോധിക്കാമെന്ന് അറ്റോണി ജനറൽ പറഞ്ഞതുമാണെന്ന് ജസ്റ്റിസ് കൗൾ തുടർന്നു.
സർക്കാറിന് സ്വന്തം കാഴ്ചപ്പാടുകളുണ്ടാകും. എന്നാൽ കൊളീജിയം ആവർത്തിക്കുമെന്ന് കരുതി, ശിപാർശ അഭിപ്രായം രേഖപ്പെടുത്തി തിരിച്ചയക്കാതിരിക്കാനാവില്ല. ആ അഭിപ്രായം കൊളീജിയം പരിശോധിക്കും. അതിനുശേഷം ആ പേരുകൾ ആവർത്തിക്കണോ ഒഴിവാക്കണോ എന്ന് കൊളീജിയം തീരുമാനിക്കും. ആ പേരുകൾ കൊളീജിയം ഇനിയും ആവർത്തിച്ചാൽ നിലവിലുള്ള സാഹചര്യത്തിൽ അവരെ ജഡ്ജിമാരായി നിയമിക്കുകയല്ലാതെ സർക്കാറിനു മുന്നിൽ മറ്റു വഴികളില്ലെന്നും ജസ്റ്റിസ് കൗൾ ഓർമിപ്പിച്ചു.
'കേന്ദ്രത്തിെൻ റ ഈ നടപടി ശരിയായാലും തെറ്റായാലും കൊളീജിയം അത് കൈകാര്യം ചെയ്യും. തിരിച്ചയച്ച പേരുകളിൽ ചിലത് ആദ്യമായി ശിപാർശ ചെയ്തതായിരുന്നു. ആവർത്തിച്ച ചില പേരുകളും അതിനൊപ്പം തിരിച്ചയച്ചു. വീണ്ടും അതേ പേര് കൊളീജിയം ശിപാർശ ചെയ്തപ്പോൾ മൂന്നാമതും തിരിച്ചയച്ചു' -ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.