‘ഇൻഡ്യ’ നേതാക്കളുടെ വാദം തള്ളി കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: മണിപ്പൂരിനെ ചൊല്ലിയുള്ള പാർലമെന്റ് സ്തംഭനം ഒഴിവാക്കാൻ പ്രതിപക്ഷം മുന്നോട്ടുവെച്ച പ്രമേയത്തിന് തങ്ങൾ ഒരുക്കമാണെന്നും എന്നാൽ, പ്രമേയത്തിന്റെ കരട് സമർപ്പിക്കാൻ പ്രതിപക്ഷം തയാറായിട്ടില്ലെന്നും കേന്ദ്രസർക്കാർ. സർക്കാറുമായി നടത്തിയ ചർച്ചയിൽ മണിപ്പൂർ കലാപത്തിൽ ചട്ടം 267 പ്രകാരമുള്ള ചർച്ചക്ക് പകരം ചട്ടം 167 പ്രകാരം വോട്ടെടുപ്പുള്ള പ്രമേയം മതിയെന്ന് നിലപാട് മാറ്റിയിട്ടും അത് അംഗീകരിക്കാൻ സർക്കാർ തയാറായില്ലെന്ന പ്രതിപക്ഷ ആരോപണം കേന്ദ്രം തള്ളി. സർക്കാറിനെ പ്രതിപക്ഷം ചർച്ചക്ക് വിളിച്ചതാണെന്നും തങ്ങൾ അവരെ ക്ഷണിച്ചതല്ലെന്നും കേന്ദ്രം വ്യക്തമാക്കി.
പാർലമെന്റിൽ മല്ലികാർജുൻ ഖാർഗെയുടെ ഓഫിസിൽ പോയി പ്രതിപക്ഷ നേതാക്കളുമായി കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയലും പ്രൾഹാദ് ജോഷിയും നടത്തിയ ചർച്ചയിലാണ് പ്രമേയം മതിയെന്ന നിലപാടിലേക്ക് പ്രതിപക്ഷം മാറിയത്. കരട് തയാറാക്കാൻ അഞ്ചംഗ കമ്മിറ്റിയുണ്ടാക്കുകയും ചെയ്തു. തയാറാക്കുന്ന പ്രമേയത്തിന്റെ കരട് രാജ്യസഭ ചെയർമാന് സമർപ്പിക്കാൻ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ആ ചർച്ചയിൽതന്നെ ആവശ്യപ്പെട്ടതാണെന്ന് ചർച്ചയിൽ പങ്കെടുത്ത മുതിർന്ന നേതാവ് വ്യക്തമാക്കി.
എന്നാൽ, ഇനിയും കരട് സമർപ്പിക്കാൻ പ്രതിപക്ഷം തയാറായിട്ടില്ലെന്നും പ്രശ്നപരിഹാരമോ മണിപ്പൂർ ചർച്ചയോ അവർ ആഗ്രഹിക്കുന്നില്ലെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം തുടർന്നു. സർക്കാറുമായി ചർച്ചക്ക് പ്രതിപക്ഷം സന്നദ്ധതയറിയിച്ച് ഇങ്ങോട്ട് വന്നതാണ്. ആദ്യം നാല് പേരുമായി ചർച്ച നടത്തണമെന്നാണ് അവർ പറഞ്ഞത്. എന്നാൽ, ഖാർഗെയുടെ മുറിയിൽ മന്ത്രിമാർ എത്തുമ്പോൾ എല്ലാ കക്ഷിനേതാക്കളുമുണ്ടായിരുന്നു.
രാജ്യസഭയിൽ പ്രധാനമന്ത്രി മറുപടി പറയണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കുമോ എന്നചോദ്യത്തിന് തങ്ങൾ ആവശ്യപ്പെട്ടുവെന്ന് കരുതി പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ രാജിവെക്കുമോ എന്ന് മുതിർന്ന നേതാവ് തിരിച്ചുചോദിച്ചു.ചട്ടം 167 പ്രകാരമുള്ള പ്രമേയത്തിന് സർക്കാർ സന്നദ്ധമാണെങ്കിലും പ്രമേയത്തിലെ വാചകങ്ങൾ കടുത്തതാക്കണമെന്ന നിലപാട് പ്രതിപക്ഷം സ്വീകരിച്ചാൽ വീണ്ടും സർക്കാറുമായി ഏറ്റുമുട്ടൽ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.