2028-29ൽ 50,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതി ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി: 2028-29 വർഷത്തിൽ 50,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതിയാണ് ലക്ഷ്യമിടുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ന്യൂഡൽഹിയിൽ നടന്ന എൻ.ഡി.ടി.വി പ്രതിരോധ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി മോദിയുടെ സർക്കാർ അധികാരത്തിൽ വന്നപ്പോൾ പ്രതിരോധ മേഖലയെ ഞങ്ങളുടെ പ്രധാന മുൻഗണനകളിലൊന്നാക്കി മാറ്റി. സ്വയം ആശ്രയം (ആത്മനിർഭർത) എന്ന ആശയം പ്രോത്സാഹിപ്പിക്കുകയും നിരവധി മേക്ക്-ഇൻ-ഇന്ത്യ സംരംഭങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. സൈനിക നവീകരണത്തിലായിരുന്നു തങ്ങളുടെ പ്രധാന ശ്രദ്ധ. രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി ഇപ്പോൾ 20,000 കോടിക്ക് അടുത്താണെന്നും 2028-29 ആകുമ്പോഴേക്കും ഇത് 50,000 കോടി രൂപയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ കഴിവിലുള്ള വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിലാണ് നമ്മൾ ആത്മനിർഭർത്തയെ പ്രതിരോധ മേഖലയിൽ കൊണ്ടുവന്നത്. നമ്മുടെ കഴിവിലുള്ള വിശ്വാസം മുൻ സർക്കാറുകൾക്ക് കുറവായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധ മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡ്, ടാറ്റ, എൽ ആൻഡ് ടി തുടങ്ങിയ തദ്ദേശീയ കമ്പനികളിലും സർക്കാർ വിശ്വാസമർപ്പിച്ചിട്ടുണ്ട്. നമ്മുടെ സ്വന്തം കണ്ടുപിടിത്തം കുറയുമ്പോൾ മാത്രമാണ് സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രതിരോധ ഉപകരണങ്ങളുടെ വാങ്ങലുകൾ 75 ശതമാനവും ഇപ്പോൾ തദ്ദേശീയ കമ്പനികൾക്ക് സംവരണം ചെയ്തിട്ടുണ്ട്. ഇന്ത്യൻ നിർമിത പ്രതിരോധ ഉപകരണങ്ങളുടെ മൂല്യം 2014ൽ 30,000 കോടി രൂപയിൽ നിന്ന് 1.10 ലക്ഷം കോടി രൂപയായി ഉയർന്നു.
അത്യാധുനിക സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് പ്രതിരോധ മേഖലയിലെ സ്റ്റാർട്ടപ്പുകളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അവർക്ക് വാഗ്ദാനം ചെയ്യുന്ന സാമ്പത്തിക സഹായം 25 കോടി രൂപയായി ഉയർത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.