സിമി നിരോധനത്തിനെതിരായ ഹരജി തള്ളണമെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: ഇസ്‍ലാമിക വ്യവസ്ഥ സ്ഥാപിക്കണമെന്നതുപോലുള്ള ലക്ഷ്യങ്ങളുള്ള സംഘടനകളെ രാജ്യത്ത് അനുവദിക്കരുതെന്ന് സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ. വിഗ്രഹാരാധനയെ പാപമായി കാണുന്ന സിമി (സ്റ്റുഡന്റ്സ് ഇസ്‍ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) അത്തരം ആചാരങ്ങൾ അവസാനിപ്പിക്കേണ്ടത് ഉത്തരവാദിത്തമാണെന്ന് പ്രചാരണം നടത്തുന്നുവെന്നും കേന്ദ്രം ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചു. സിമി നിരോധനം നീട്ടിയതു ശരിവെച്ച ട്രൈബ്യൂണൽ വിധി ചോദ്യംചെയ്ത് മുൻ പ്രവർത്തകൻ ഹുമാം അഹ്മദ് സിദ്ദീഖി സമർപ്പിച്ച ഹരജിക്കെതിരെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം ബോധിപ്പിച്ചത്.
കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നതിങ്ങനെ: ‘സിമിയുടെ ഭരണഘടനയിൽ ‘എന്റെ രാജ്യത്ത് ഇസ്‍ലാമിക വ്യവസ്ഥ സ്ഥാപിക്കുക’ പോലുള്ള ലക്ഷ്യങ്ങളാണുള്ളത്. അത്തരം ഭരണഘടന ഇന്ത്യയുടെ ജനാധിപത്യ പരമാധികാര സംവിധാനവുമായി നേരിട്ട് ഏറ്റുമുട്ടുന്നതാണ്. മതേതര സമൂഹത്തിൽ അത് അനുവദിക്കരുത്. 1977 ഏപ്രിൽ 25ന് സിമി ഉണ്ടായത് ഇസ്‍ലാമിനായുള്ള ജിഹാദിന് വേണ്ടിയാണ്. സിമി ദേശരാഷ്ട്രത്തിലോ ഇന്ത്യൻ ഭരണഘടനയിലോ അതിന്റെ മതേതര സ്വഭാവത്തിലോ വിശ്വസിക്കുന്നില്ല.
ജമ്മു-കശ്മീരിലെ ഇസ്‍ലാമിക ഭീകര സംഘടനകളും സിമിയെ ഉപയോഗിച്ചു. ഹിസ്ബുൽ മുജാഹിദീനും ലശ്കറെ ത്വയ്യിബയും ദേശവിരുദ്ധ ലക്ഷ്യങ്ങൾക്കായി സിമി കേഡർമാർക്കിടയിൽ നുഴഞ്ഞുകയറി. 2001 സെപ്റ്റംബറിൽ നിരോധിച്ചുവെങ്കിലും ചെറിയ ഇടവേള ഒഴിച്ചുനിർത്തിയാൽ സിമി പ്രവർത്തകർ യോഗം ചേരുകയും ഗൂഢാലോചന നടത്തുകയും ആയുധങ്ങൾ ശേഖരിക്കുകയും രാജ്യത്തിന്റെ അഖണ്ഡതക്കും പരമാധികാരത്തിനും വിനാശകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു’’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.