ഹരജികൾ ഇപ്പോഴും കോടതിയിൽ, കേന്ദ്രം ശ്രമിക്കുന്നത് പിൻവാതിലിലൂടെ സി.എ.എ നടപ്പാക്കാൻ -യെച്ചൂരി
text_fieldsന്യൂഡൽഹി: പിൻവാതിലിലൂടെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സി.എ.എയുടെ ഭരണഘടനാസാധുത ചോദ്യംചെയ്തുള്ള ഹരജികൾ കോടതിയിൽ ഇപ്പോഴും പരിഗണിക്കപ്പെടാതെ തുടരുകയാണെന്നും യെച്ചൂരി പറഞ്ഞു. രാജ്യത്തെ മുസ്ലിം ഇതര വിഭാഗങ്ങളില്‍പ്പെട്ട അഭയാർഥികളില്‍ നിന്ന് പൗരത്വത്തിനുള്ള അപേക്ഷ ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കിയ സാഹചര്യത്തിലാണ് യെച്ചൂരിയുടെ വിമർശനം.
സി.എ.എയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ഇതുവരെ രൂപീകരിച്ചിട്ടില്ല, എന്നിട്ടും കേന്ദ്ര സർക്കാർ അത് നടപ്പാക്കാൻ വിജ്ഞാപനം ഇറക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിന്‍റെ ഭരണഘടനാസാധുത ചോദ്യംചെയ്തുള്ള ഹരജികൾ കോടതിയിൽ ഇപ്പോഴും പരിഗണിക്കപ്പെടാതെ തുടരുകയാണ്. സുപ്രീംകോടതി ഇക്കാര്യത്തിൽ ഇടപെടുമെന്നും സി.എ.എ പിൻവാതിലിലൂടെ നടപ്പാക്കാനുള്ള നീക്കം അവസാനിപ്പിക്കുമെന്നുമാണ് പ്രതീക്ഷ -യെച്ചൂരി പറഞ്ഞു.
അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് അഭയാർഥികളായി എത്തിയ ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ താമസിക്കുന്നവരില്‍ നിന്നാണ് ഇപ്പോൾ പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെട്ടവരാണ് അപേക്ഷ നല്‍കേണ്ടതെന്നും കേന്ദ്ര വിജ്ഞാപനത്തില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.