ബ്രിജ് ഭൂഷണെ രക്ഷിക്കാൻ തീവ്ര ശ്രമം
text_fieldsന്യൂഡൽഹി: ലൈംഗികാതിക്രമ കേസിലെ പ്രതി ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷണിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെ അദ്ദേഹത്തെ രക്ഷിക്കാനുള്ള നീക്കവും അണിയറയിൽ സജീവം. പ്രായപൂർത്തിയാകാത്ത ഗുസ്തി താരം ഉൾപ്പെടെ ഏഴു പേർ നൽകിയ പരാതിയിൽ സുപ്രീംകോടതി ഇടപെടൽ ഉണ്ടായതിനെ തുടർന്നാണ് ഡൽഹി പൊലീസ് ബ്രിജ് ഭൂഷണിനെതിരെ കേസെടുക്കാൻ തയാറായത്.
പോക്സോ കേസ് രജിസ്റ്റർ ചെയ്താൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും എന്നാൽ, ബ്രിജ് ഭൂഷൺ ബി.ജെ.പിക്കാരനായതിനാൽ ഇതുവരെ അത്തരത്തിലൊരു നടപടിയുണ്ടായിട്ടില്ലെന്നും സുപ്രീംകോടതി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. അറസ്റ്റ് വൈകിപ്പിക്കുന്ന പൊലീസ്, അന്വേഷണത്തിലും ഒളിച്ചു കളിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.അറസ്റ്റ് ചെയ്യാന്‍ ഗുസ്തി താരങ്ങള്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ബ്രിജ് ഭൂഷൺ തെളിവു നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ എ.എൻ.ഐ ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. 15 ദിവസത്തിനകം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അത് ചിലപ്പോള്‍ കുറ്റപത്രമോ അല്ലെങ്കില്‍ അന്തിമ റിപ്പോര്‍ട്ടോ ആയേക്കാമെന്നും എ.എൻ.ഐ നൽകിയ വാർത്തയിൽ പറയുന്നു. മറ്റു മാധ്യമങ്ങളും വാർത്ത നൽകിയതോടെ വ്യാജ വാർത്തയാണ് പ്രചരിക്കുന്നതെന്ന് വിശദീകരിച്ച് ഡൽഹി പൊലീസ് ട്വീറ്റ് ചെയ്തിരുന്നു. ഏതാനും സമയത്തിനകം ഈ ട്വീറ്റ് ഡൽഹി പൊലീസിന്റെ അക്കൗണ്ടിൽനിന്ന് അപ്രത്യക്ഷമായി. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354എ (ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തുക), 354ഡി (ശല്യപ്പെടുത്തൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തിയുള്ള മറ്റൊരു കേസുമാണ് ബ്രിജ് ഭൂഷണിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും തൽസ്ഥിതി റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും ട്വീറ്റ് നീക്കംചെയ്തതിനു ശേഷം ഡൽഹി പൊലീസ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കി. റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതിനുമുമ്പ് കേസ് സംബന്ധിച്ച് പുറത്തുപറയാനാകില്ലെന്നും പൊലീസ് വിശദീകരിച്ചു.
ഗുസ്തി താരങ്ങൾ അന്വേഷണം കഴിയുന്നതുവരെ കാത്തിരിക്കണമെന്ന് കായികമന്ത്രി
ന്യൂഡൽഹി: കായികമേഖലയെ നശിപ്പിക്കുന്ന നടപടികളിലേക്ക് കടക്കരുതെന്നും ലൈംഗികാതിക്രമ കേസിൽ ബ്രിജ് ഭൂഷണിനെതിരെയുള്ള ഡൽഹി പൊലീസിന്റെ അന്വേഷണം കഴിയുന്നതുവരെ കാത്തിരിക്കണമെന്നും ഗുസ്തി താരങ്ങളോട് അഭ്യർഥിച്ച് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാകൂർ. ഗുസ്തി താരങ്ങൾ മെഡൽ ഗംഗയിൽ ഒഴുക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് കായികമന്ത്രി മൗനം വെടിഞ്ഞത്.
സർക്കാർ ഗുസ്തി താരങ്ങൾക്കൊപ്പമാണ്. ഡൽഹി പൊലീസിൽ വിശ്വാസം അർപ്പിക്കുകയും അന്വേഷണം കഴിയുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമ കാണിക്കയും വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഗുസ്തി താരങ്ങൾ കടുത്ത നടപടികളിലേക്ക് കടന്നിട്ടും കേന്ദ്രമന്ത്രിമാർ ആരും പ്രതികരിക്കാതിരുന്നത് ഏറെ വിമർശനത്തിനിടയാക്കിയിരുന്നു.
അതിനിടെ, ഗുസ്തി താരങ്ങളുടെ മെഡൽ ഗംഗയിൽ ഒഴുക്കൽ നാടകമാണെന്ന് പരിഹസിച്ച് ബ്രിജ് ഭൂഷൺ രംഗത്തുവന്നു. തനിക്കെതിരെ തെളിവുകളില്ലെന്നും കുറ്റക്കാരനെന്നു കണ്ടെത്തിയാൽ ആത്മഹത്യ ചെയ്യുമെന്നും അയോധ്യയിൽ നടന്ന പൊതുപരിപാടിയിൽ ബ്രിജ് ഭൂഷൺ പറഞ്ഞു. ചെറിയ തെളിവുപോലും ഹാജരാക്കാൻ താരങ്ങൾക്കു കഴിഞ്ഞിട്ടില്ല. ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. മെഡലുകൾ ഒഴുക്കാനാണ് അവർ ഹരിദ്വാറിൽ എത്തിയതെങ്കിൽ പിന്നെ എന്തിനാണ് കർഷക നേതാവ് നരേഷ് ടിക്കായത്തിന് നൽകിയത്. അത് അവരുടെ നാടകമാണ്. ഗംഗയിൽ മെഡൽ എറിഞ്ഞാൽ നീതി ലഭിക്കില്ല. ലൈംഗികാതിക്രമത്തിന് തെളിവുകാണിക്കൂ എന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.
താരങ്ങൾ എത്തുമെന്ന് ഭയം: ഇന്ത്യ ഗേറ്റിൽ പൊലീസ് സന്നാഹം; സന്ദർശക വിലക്ക്
ന്യൂഡൽഹി: ഗുസ്തിതാരങ്ങൾ പ്രതിഷേധിക്കാനെത്തുമെന്ന് ഭയന്ന് ഇന്ത്യഗേറ്റിന് ചുറ്റും ദ്രുതകർമ സേനയുൾപ്പെടെയുള്ള വൻ സന്നാഹത്തെ വിന്യസിച്ച് ഡൽഹി പൊലീസ്. ഇന്ത്യഗേറ്റിൽ മരണം വരെ നിരാഹാരമിരിക്കുമെന്ന് ഗുസ്തി താരങ്ങൾ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സമരം തടയാൻ വലിയ തോതിൽ പൊലീസ് സന്നാഹത്തെ വിന്യസിച്ചത്. ഇന്ത്യ ഗേറ്റിൽ സമരം നടത്താൻ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.ധാരാളം സന്ദർശകരെത്തുന്ന ഡൽഹിയിലെ പ്രധാന കേന്ദ്രമാണ് ഇന്ത്യഗേറ്റ്. എന്നാൽ, ബുധനാഴ്ച സന്ദർശകരെ ആരെയും ഈ ഭാഗത്തേക്ക് അടുപ്പിച്ചിട്ടില്ല. ഇന്ത്യ ഗേറ്റ് നിലനിൽക്കുന്ന റൗണ്ടിലേക്ക് റോഡിന് മറുവശത്തു നിന്നുള്ള അടിപ്പാതകൾ പൊലീസ് പൂട്ടിയിട്ടു.മെഡലുകള്‍ ഉപേക്ഷിച്ച് ജീവിക്കുന്നതില്‍ അർഥമില്ലെന്നും അതിനാല്‍ മെഡലുകൾ ഗംഗയിൽ എറിഞ്ഞ് ഇന്ത്യ ഗേറ്റിലെത്തി മരണംവരെ നിരാഹാരം ഇരിക്കുമെന്നുമായിരുന്നു ചൊവ്വാഴ്ച ഗുസ്തി താരങ്ങൾ പ്രഖ്യാപിച്ചത്. കർഷക നേതാക്കളുടെ ഇടപെടലിനെത്തുടർന്ന് മെഡൽ ഗംഗയിൽ ഒഴുക്കുന്നതിൽനിന്ന് താരങ്ങൾ പിന്മാറിയിരുന്നു. അഞ്ചുദിവസം സമയം അനുവദിച്ചായിരുന്നു പിന്മാറ്റം. മെഡലുകൾ ഉപേക്ഷിക്കാത്ത സാഹചര്യത്തിൽ താരങ്ങൾ ഇന്ത്യ ഗേറ്റിൽ സമരം ആരംഭിച്ചിട്ടില്ല.
ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യവുമായി മമത
കൊൽക്കത്ത: ഡൽഹിയിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തെരുവിലിറങ്ങി. കൊൽക്കത്തയുടെ ദക്ഷിണ ഭാഗത്തെ ഹസ്ര റോഡ് ക്രോസിങ്ങിൽ നടത്തിയ റാലിയിൽ ‘ഞങ്ങൾക്ക് നീതി വേണം’ എന്നെഴുതിയ പ്ലക്കാർഡേന്തി മമത പങ്കെടുത്തു. സ്വന്തം നിയമസഭ മണ്ഡലമായ ഭബാനിപൂരിൽ കായിക വകുപ്പ് നടത്തിയ റാലിയിൽ 2.8 കി.മീ. അവർ നടന്നു. മുൻ ദേശീയ ഫുട്ബാൾ താരങ്ങളായ ആൽവിറ്റോ ഡികുഞ്ഞ, റഹിം നബി, ദീപേന്ദു ബിശ്വാസ്, വനിത ഫുട്ബാൾ താരങ്ങളായ കുന്തല ഘോഷ്, ശാന്തി മല്ലിക് അടക്കം നിരവധി കായികതാരങ്ങളും പൊതുജനങ്ങളും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.