കോവിഡ് വാക്സിൻ വില കുറക്കണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെകിനോടും കേന്ദ്രം
text_fieldsന്യൂഡൽഹി: വിദേശ രാജ്യങ്ങൾക്ക് നൽകുന്ന വിലയെക്കാൾ ഏറ്റവും ഉയർന്ന നിരക്കിൽ ഇന്ത്യയിൽ വിൽപന നടത്താനുള്ള വാക്സിൻ കമ്പനികളുടെ തീരുമാനത്തിനെതിരെ കടുത്ത വിമർശനമുയർന്ന സാഹചര്യത്തിൽ ഇടപെട്ട് കേന്ദ്രം. വാക്സിന് വില കുറക്കാൻ ഉൽപാദകരായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവയോട് കേന്ദ്രം നിർദേശം നൽകി. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വാക്സിൻ വില നിർണയം ചർച്ച ചെയ്തു.
കേന്ദ്രം നിർദേശം നൽകിയ സാഹചര്യത്തിൽ ഇരു കമ്പനികളും പുതിയ വില ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.
സെറം ഇൻസ്റ്റിറ്റ്യുട്ട് ഉൽപാദിപ്പിക്കുന്ന കോവിഷീൽഡിന് സംസ്ഥാന സർക്കാറുകൾക്ക് 400 രൂപയും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയുമാണ് ഒരു വാക്സിന് വിലയിട്ടിരുന്നത്. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് വാക്സിനായ കൊവാക്സിന് യഥാക്രമം 600ഉം 1,200ഉം ആണ് വില. ഇരു കമ്പനികളും കേന്ദ്ര സർക്കാറിന് 150 രൂപക്കാണ് വാക്സിൻ നൽകുക.
ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്.
കേന്ദ്ര സർക്കാർ പുതുക്കിയ വാക്സിൻ നിയമപ്രകാരം മേയ് ഒന്നിനു ശേഷം മരുന്നുകമ്പനികൾ പകുതി വാക്സിനുകൾ കേന്ദ്ര സർക്കാറിന് നൽകണം. അവശേഷിച്ച 50 ശതമാനം സംസ്ഥാന സർക്കാറുകൾക്കോ സ്വകാര്യ വിപണിയിലോ വിൽക്കാം.
കരിഞ്ചന്തക്ക് അവസരമൊരുക്കിയാണ് പലവിലക്ക് വിൽക്കാൻ കേന്ദ്രം അവസരം നൽകിയതെന്നും സംസ്ഥാനങ്ങൾക്ക് രണ്ടിരട്ടിയും അതിലേറെയും വിലയിടുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും രൂക്ഷ വിമർശനമുയർന്നു.
വില കുത്തനെ കൂട്ടി വിൽക്കാൻ കളമൊരുക്കിയാണ് പുതിയ വാക്സിൻ നയം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതെന്നും ആക്ഷേപമുയർന്നു. കേന്ദ്രത്തിന് നൽകുന്ന വിലക്ക് എന്തുകൊണ്ട് സംസ്ഥാന സർക്കാറുകൾക്ക് നൽകുന്നില്ലെന്ന ചോദ്യത്തിനും ഉത്തരമുണ്ടായില്ല.
മരുന്ന് വിൽപനവഴി കൊള്ളലാഭത്തിെൻറ സമയമല്ലിതെന്നും കേന്ദ്രത്തിന് നൽകുന്ന 150 രൂപക്ക് സംസ്ഥാനങ്ങൾക്കും നൽകണമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അഭിപ്രായപ്പെട്ടു.
കടുത്ത വിവേചനപരമായ തീരുമാനം വഴി വാക്സിൻ നിർമാതാക്കൾക്ക് 1.11 ലക്ഷം കോടി കൊള്ളലാഭമുണ്ടാക്കാനാണ് കേന്ദ്ര സർക്കാർ അവസരമൊരുക്കിയതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
ആദ്യം നൽകിയ വില പിന്നീട് പുതുക്കിയ സെറം ഇൻസ്റ്റിറ്റ്യൂട്ട് രണ്ടു വിലയെയും ന്യായീകരിച്ചിരുന്നു. ആദ്യം സർക്കാർ സഹായത്തോടെ ആയതിനാലാണ് ആ വിലക്ക് നൽകിയതെന്നും കൂടുതൽ ഉൽപാദനത്തിന് കൂടുതൽ നിഷേപം ആവശ്യമായതിനാലാണ് വില കൂട്ടിയതെന്നുമായിരുന്നു വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.