ജമ്മുകശ്മീരിൽ രണ്ട് സംഘടനകളെ നിരോധിത സംഘടനകളായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി; ജമ്മു കശ്മീർ ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ട് സംഘടനകളെ അഞ്ച് വർഷത്തേക്ക് 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം അനുസരിച്ച് നിരോധിത സംഘടനകളായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.
ഉമർ ഫാറൂഖിന്‍റെ നേതൃത്വത്തിലുള്ള അവാമി ആക്ഷൻ കമ്മിറ്റി (എ.എ.സി), മസ്‌റൂർ അബ്ബാസ് അൻസാരിയുടെ നേതൃത്വത്തിലുള്ള ജമ്മു കശ്മീർ ഇത്തിഹാദുൽ മുസ്ലിമീൻ (ജെ.കെ.ഐ.എം) എന്നിവയാണ് നിരോധിച്ച രണ്ട് സംഘടനകൾ.
ഉമർ ഫാറൂഖ് അധ്യക്ഷനായ അവാമി ആക്ഷൻ കമ്മിറ്റി (എഎസി) രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും ഹാനികരമായ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനത്തിൽ പറഞ്ഞു.
ഇതിലെ അംഗങ്ങൾ വിഘടനവാദം വളർത്തുന്നതിനായി തീവ്രവാദ പ്രവർത്തനങ്ങളെയും ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളെയും പിന്തുണയ്ക്കുന്നുവെന്നും അതിൽ പറയുന്നു.
രാജ്യത്തിന്റെ സമഗ്രത, പരമാധികാരം, സുരക്ഷ എന്നിവയ്ക്ക് ഹാനികരമായ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ജെ.കെ.ഐ.എം ഏർപ്പെടുന്നുണ്ടെന്ന് പ്രത്യേക വിജ്ഞാപനത്തിൽ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിലും ജമ്മു കശ്മീർ വിഭജനത്തിനായും ഇന്ത്യാ വിരുദ്ധ പ്രചാരണത്തിലും അംഗങ്ങൾ ഇപ്പോഴും പങ്കാളികളാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇതിന്‍റെ അടിസ്ഥാനത്തിൽ 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം പ്രകാരം രണ്ട് ഗ്രൂപ്പുകളെയും അഞ്ച് വർഷത്തേക്ക് നിയമവിരുദ്ധമായി പ്രഖ്യാപിച്ചതായി വിജ്ഞാപനങ്ങളിൽ പറയുന്നു.
യു.എ.പി.എയുടെ സെക്ഷൻ 3(1) പ്രകാരം, ജെ.കെ.ഐ.എമ്മിനെ ഉടനടി പ്രാബല്യത്തിൽ വരുന്ന നിയമവിരുദ്ധ സംഘടനയായി കേന്ദ്രം പ്രഖ്യാപിച്ചു.യു.എ.പി.എയുടെ സെക്ഷൻ 4 പ്രകാരമുള്ള ഏത് ഉത്തരവിനും വിധേയമായി ഈ തീരുമാനം അഞ്ച് വർഷത്തേക്ക് പ്രാബല്യത്തിൽ തുടരുമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.