ജീവനക്കാരുടെ സമരം വിലക്കി കേന്ദ്രം
text_fieldsന്യൂഡൽഹി: സർക്കാർ ജീവനക്കാർ ഒരു തരത്തിലുള്ള പ്രതിഷേധമോ സമരമോ നടത്താൻ പാടില്ലെന്നും അങ്ങനെ ചെയ്യുന്നവർ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും കേന്ദ്ര സർക്കാർ. ഓൾഡ് പെൻഷൻ പദ്ധതി (ഒ.പി.എസ്) പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാഷനൽ ജോയിന്റ് കൗൺസിൽ ഓഫ് ആക്ഷൻ (എൻ.ജെ.സി.എ) ചൊവ്വാഴ്ച രാജ്യവ്യാപകമായി ജില്ലാതല റാലി ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് സർക്കാർ ഉത്തരവ്.
കേന്ദ്ര സർക്കാർ വകുപ്പുകളുടെ സെക്രട്ടറിമാർക്ക് പേഴ്സനൽ ആൻഡ് ട്രെയിനിങ് വകുപ്പ് തിങ്കളാഴ്ച നൽകിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂട്ട കാഷ്വൽ ലീവ്, മെല്ലപ്പോക്ക് സമരം, ധർണ തുടങ്ങി ഏതെങ്കിലും സമരമോ ഇതിന് പ്രേരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പ്രവൃത്തിയോ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് 1964 ലെ സി.സി.എസ് (കോണ്ടക്ട്) നിയമം ഏഴിന്റെ ലംഘനമായിരിക്കുമെന്ന് ഉത്തരവിൽ വിശദീകരിക്കുന്നു.
‘‘ജീവനക്കാർക്ക് സമരം ചെയ്യാമെന്ന് കാണിക്കുന്ന നിയമങ്ങളൊന്നും തന്നെയില്ല. സർക്കാർ ജീവനക്കാർ സമരത്തിനിറങ്ങുന്നത് ചട്ടലംഘനമാണെന്നും അത് നിയമപ്രകാരം നേരിടാമെന്നും സുപ്രീം കോടതി നിരവധി തവണ വ്യക്തമാക്കിയതാണ്’’ -ഉത്തരവിൽ പറയുന്നു. പ്രതിഷേധം നടത്താൻ തീരുമാനിച്ച തീയതികളിൽ അവധി നൽകരുതെന്നും ജോലിക്ക് ഹാജരാകുന്നവർക്ക് തടസ്സമില്ലാതെ ഓഫിസ് വളപ്പിനകത്ത് പ്രവേശിക്കാൻ സംവിധാനമൊരുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.