സാമ്പത്തിക സംവരണം മന്ത്രിസഭ രേഖ വെളിപ്പെടുത്താൻ വിവരാവകാശ കമീഷൻ
text_fieldsന്യൂഡൽഹി: മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം അനുവദിച്ച് ഭരണഘടന ഭേദഗതി ചെയ്തതുമായി ബന്ധപ്പെട്ട മന്ത്രിസഭ കുറിപ്പുകൾ വെളിപ്പെടുത്താൻ വിവരാവകാശ കമീഷൻ കേന്ദ്ര സർക്കാറിനോട് നിർദേശിച്ചു.
മന്ത്രിസഭയുടെയോ സെക്രട്ടറിമാർ, മറ്റ് ഓഫിസർമാർ എന്നിവരുടെയോ ചർച്ചയും കുറിപ്പുകളും വെളിപ്പെടുത്തേണ്ടതില്ലെന്നാണ് വിവരാവകാശ നിയമത്തിെൻറ 8(1)(i) വകുപ്പ് പറയുന്നതെന്ന സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയത്തിെൻറ വാദം കമീഷൻ തള്ളി.
അനുചിതമായ വാദമാണിതെന്ന് കമീഷൻ വ്യക്തമാക്കി. തീരുമാനം എടുത്തതും നടപടികൾ പൂർത്തിയായതുമായ കാര്യങ്ങളിൽ, അതുമായി ബന്ധപ്പെട്ട കുറിപ്പുകൾ വെളിപ്പെടുത്താമെന്നാണ് വ്യവസ്ഥ. എന്നാൽ, മന്ത്രാലയം വിസമ്മതിക്കുകയാണ്. മന്ത്രിസഭ രേഖകളുടെ കാര്യത്തിൽ ഇളവിന് ന്യായീകരണമൊന്നും വ്യക്തമാക്കിയിട്ടുമില്ല.
വിവരാവകാശ ഓഫിസർ ഇക്കാര്യത്തിൽ മനസ്സിരുത്തി ഇടപെട്ടതായി കാണാൻ കഴിയുന്നില്ലെന്ന് ഇൻഫർമേഷൻ കമീഷണർ സരോജ് പുനാനി നിരീക്ഷിച്ചു. കോമൺവെൽത്ത് മനുഷ്യാവകാശ ഇനിഷ്യേറ്റീവിെൻറ വെങ്കിടേഷ് നായികാണ് വിവരാവകാശ നിയമപ്രകാരം രേഖകളുടെ പകർപ്പു കിട്ടാൻ അപേക്ഷിച്ചിരുന്നത്.
103ാം ഭരണഘടനാ ഭേദഗതി പാർലമെൻറിൽ കൊണ്ടുവന്നാണ് മോദിസർക്കാർ സാമ്പത്തിക സംവരണത്തിന് തുടക്കമിട്ടത്. ഭരണഘടനാ ഭേദഗതി ബിൽ പാർലമെൻറ് പാസാക്കി രാഷ്ട്രപതി 2019 ജനുവരി 12ന് ഒപ്പുവെച്ചതാണ്. നിയമഭേദഗതിയുമായി ബന്ധപ്പെട്ട നടപടികളൊന്നും തീരാനില്ല. സംവരണം നടപ്പാക്കിത്തുടങ്ങുകയും ചെയ്തു.
പാർലമെൻറിൽ പുതിയ ബിൽ കൊണ്ടുവന്നാൽ ഏഴു ദിവസത്തിനകം അത് വെബ്സൈറ്റിൽ പരസ്യപ്പെടുത്തണമെന്നാണ് മന്ത്രിസഭ കുറിപ്പുമായി ബന്ധപ്പെട്ട് 2012 ജൂണിൽ വിവരാവകാശ കമീഷണർ ശൈലേഷ് ഗാന്ധി പുറപ്പെടുവിച്ച ഉത്തരവ്.
വിവരം നൽകാൻ നിർദേശിക്കുന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി അതു നിഷേധിക്കുകയാണ് സാമൂഹിക നീതി മന്ത്രാലയത്തിെൻറ ഇൻഫർമേഷൻ ഓഫിസർ ചെയ്തതെന്ന് വിവരാവകാശ കമീഷണർ ചൂണ്ടിക്കാട്ടി. മേലിൽ ഇത് ആവർത്തിക്കരുതെന്ന് താക്കീതും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.