ഉത്തർപ്രദേശ് ബി.ജെ.പിയിലെ ചേരിപ്പോരിൽ കേന്ദ്ര ഇടപെടൽ
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശ് ബി.ജെ.പിയിലെ ചേരിപ്പോരിൽ കേന്ദ്ര ഇടപെടൽ. സംസ്ഥാന രാഷ്ട്രീയത്തിൽ യോഗിക്കെതിരെ പടനയിച്ച ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയോട് പരസ്യ പ്രസ്താവന പാടില്ലെന്ന് കേന്ദ്ര നേതൃത്വം നിർദേശിച്ചു. ആർ.എസ്.എസ് ഇടപെടലിന്റെ ഭാഗമായാണ് കേന്ദ്രനിലപാടെന്നാണ് സൂചന. ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം ഉത്തർപ്രദേശിൽ അടക്കം നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം പാർട്ടി മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചക്കൊടുവിലാണ് നടപടി.
പാര്‍ട്ടിക്കുള്ളില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി വരുമെന്ന് മുന്നറിയിപ്പ് നൽകിയ കേന്ദ്ര നേതൃത്വം, തന്റെ കാഴ്ചപ്പാടുകള്‍ പാര്‍ട്ടിക്ക് മുന്നില്‍ നേരിട്ട് അവതരിപ്പിക്കണമെന്ന് മൗര്യക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമസഭ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാറിലും പാര്‍ട്ടിയിലും മാറ്റമുണ്ടായേക്കുമെന്ന സൂചനയും ബി.ജെ.പി കേന്ദ്ര നേതൃത്വം നല്‍കുന്നുണ്ട്. ലോക് സഭ തെരഞ്ഞെടുപ്പില്‍ മോദിയുടെ മണ്ഡലമായ വാരാണസിയിലടക്കം ഉത്തപ്രദേശിൽ വലിയ തിരിച്ചടി നേരിട്ടതോടെ യോഗിയും ബി.ജെ.പി നേതൃത്വവുമായുള്ള അകലം വര്‍ധിച്ചിരുന്നു. ഇതിനിടെ, യോഗിക്കെതിരെ സംസ്ഥാനത്ത് പാർട്ടിക്കുള്ളിൽ വിമതസ്വരവും വർധിച്ചുവന്നു. ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യയുടെ നേതൃത്വത്തിലായിരുന്നു നീക്കം.
മൗര്യയുടെ പ്രസ്താവനകളും ഡല്‍ഹി സന്ദര്‍ശനങ്ങളും സംസ്ഥാനത്ത് അനിശ്ചിതത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു. സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് ഭൂപേന്ദ്ര സിങ് ചൗധരി രാജി സന്നദ്ധത അറിയിച്ചതോടെ വിമത നീക്കം കൂടുതൽ ശക്തമായി. ഇതിനിടെ, സർക്കാറിനെ പരസ്യമായി വിമർശിച്ച് സഹമന്ത്രി സോനം കുമാര്‍ രാജി വെക്കുകയും ചെയ്തു. മോദിയുടേതടക്കം ഒരു വിഭാഗം നേതാക്കളുടെ ആശീര്‍വാദത്തോടെയാണ് യു.പിയില്‍ യോഗിക്കെതിരെ പടയൊരുക്കമെന്നും അഭ്യൂഹമുയർന്നിരുന്നു. ഇതിനിടെ, യോഗിക്കായി ആർ.എസ്.എസ് നേതൃത്വം കേന്ദ്രത്തിൽ ഇടപെട്ടതായാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.