സംസ്ഥാനങ്ങൾ ഇന്ധന നികുതി കുറക്കണം –കേന്ദ്രം
text_fieldsന്യൂഡൽഹി: പെട്രോൾ, ഡീസൽ വില കുതിച്ചുയർന്ന നിർബന്ധിതാവസ്ഥയിൽ എക്സൈസ് തീരുവ രണ്ടു രൂപ കുറച്ച കേന്ദ്ര സർക്കാർ, ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ ചുമലിലേക്ക് വെക്കുന്നു. ഇന്ധന വിലവർധന മുൻനിർത്തി നികുതിവരുമാനം കുറച്ച് ജനങ്ങൾക്ക് ആശ്വാസംപകരാനുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങൾകൂടി ഏറ്റെടുക്കണമെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
കേന്ദ്രം ചെയ്തതു പോലെ ഇളവുകൾക്ക് സംസ്ഥാനങ്ങൾ തയാറാകണം. മൂല്യവർധിത നികുതിയായ വാറ്റ് അഞ്ചു ശതമാനം കുറച്ചാൽ, അതിെൻറ ആശ്വാസം ജനങ്ങൾക്ക് കിട്ടുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഇന്ധനവില കുറക്കാൻ പാകത്തിൽ നികുതിയിളവിന് നടപടിയെടുക്കണമെന്ന് ആവശ്യെപ്പട്ട് ധനമന്ത്രി അരുൺ ജെയ്റ്റ്ലി വൈകാതെ മുഖ്യമന്ത്രിമാർക്ക് കത്തെഴുതിയേക്കും.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞുനിന്നപ്പോൾ ഒമ്പതു തവണയായി എക്സൈസ് തീരുവ വർധിപ്പിച്ച കേന്ദ്രം രണ്ടു രൂപയുടെ മേെമ്പാടി ഇളവാണ് കഴിഞ്ഞ ദിവസം അനുവദിച്ചത്. വില ഉയരുേമ്പാഴും സാധാരണക്കാരെ കൊള്ളയടിക്കുന്ന കേന്ദ്രസമീപനത്തിന് എതിരായ വികാരം ശക്തിപ്പെട്ടതിനെ തുടർന്നായിരുന്നു നടപടി.
ഒമ്പതു തവണയായി പെട്രോളിന് 11.77 രൂപയും ഡീസലിന് 13.47 രൂപയുമാണ് മോദിസർക്കാർ എക്സൈസ് ഡ്യൂട്ടി കൂട്ടിയത്. ഇതുവഴി സർക്കാറിന് കിട്ടിയ വരുമാനവർധന 1.43 ലക്ഷം കോടി രൂപയാണ്. 2014-15ൽ കിട്ടിയ എക്സൈസ് തീരുവ 99,000 കോടിയായിരുന്നത് തൊട്ടടുത്ത സാമ്പത്തിക വർഷം 2.42 ലക്ഷം കോടിയായി.
തീരുവ രണ്ടു രൂപയാണ് കുറച്ചതെങ്കിലും അനുബന്ധ നികുതി, കമീഷൻ ഇളവുകൾ ഉണ്ടാകുന്നതുവഴി പെട്രോളിന് രണ്ടര രൂപയും ഡീസലിന് 2.25 രൂപയും കുറഞ്ഞുവെന്നാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.