ജെ.ഡി.യു കാബിനറ്റ് മന്ത്രിയുടെ തുടക്കം ഉടക്കോടെ; കേന്ദ്രമന്ത്രിമാർ ചുമതലയേറ്റു
text_fieldsന്യൂഡൽഹി: ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത മൂന്നാം മോദി സർക്കാറിലെ കേന്ദ്ര മന്ത്രിമാർ ചൊവ്വാഴ്ച ചുമതലയേറ്റുതുടങ്ങി. തിങ്കളാഴ്ച വകുപ്പുവിഭജനം പൂർത്തിയായതിനു പിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ മുതൽ മന്ത്രിമാർ അതത് മന്ത്രാലയങ്ങളിലെത്തി ചുമതലയേറ്റുതുടങ്ങിയത്. തന്റെ മന്ത്രാലയത്തിൽ ബി.ജെ.പി അജണ്ട അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ മുഖ്യ ഘടകകക്ഷിയായ ജനതാദൾ-യുവിന്റെ ഏക കാബിനറ്റ് മന്ത്രിയുടെ തുടക്കം ഉടക്കോടെയായി.
മോദി സർക്കാർ എല്ലാ മന്ത്രാലയങ്ങളിലും നടപ്പാക്കാൻ നിർദേശിച്ച നൂറുദിന അജണ്ട തന്റെ മന്ത്രാലയത്തിലുണ്ടാകില്ലെന്ന് ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയങ്ങളുടെ ചുമതലയേൽക്കാൻ കൃഷിഭവനിലെത്തിയ ജനതാദൾ-യു മുൻ അഖിലേന്ത്യ പ്രസിഡന്റ് കൂടിയായ ലാലൻ സിങ് എന്ന രാജീവ് രഞ്ജൻ സിങ് ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചു. മന്ത്രാലയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ച ഉദ്യോഗസ്ഥൻ ആദ്യത്തെ 100 ദിവസത്തേക്കുള്ള അജണ്ട ഉണ്ടെന്ന് പറഞ്ഞതാണ് ജെ.ഡി.യു മന്ത്രിയെ പ്രകോപിപ്പിച്ചത്. എന്തിനാണ് 100 ദിവസത്തേക്ക് ഒരു അജണ്ട എന്നുചോദിച്ച ലാലൻ അത്തരമൊരു അജണ്ട ആവശ്യമില്ലെന്നും കഴിഞ്ഞ 10 വർഷത്തേക്കായിരുന്നു അജണ്ടയെന്നും ഇനി അടുത്ത അഞ്ച് വർഷത്തേക്കുള്ള അജണ്ട മതിയെന്നും ഉദ്യോഗസ്ഥനെ ഓർമിപ്പിച്ചു.
ചുമതലയേൽക്കാൻ എത്തിയ സഹമന്ത്രിമാരായ കേരളത്തിൽ നിന്നുള്ള ജോർജ് കുര്യനെയും യു.പിയിൽ നിന്നുള്ള എസ്.പി സിങ് ബാഗേലിനെയും ഇരുവശത്തും ഇരുത്തിയായിരുന്നു ലാലൻ സിങ് സ്വന്തം ഭരണനിർവഹണ നിലപാട് വ്യക്തമാക്കിയത്. അതേസമയം, മോദി സർക്കാറിന്റെ കാഴ്ചപ്പാടുകളും നയങ്ങളും നടപ്പാക്കുന്നതിൽ 10 വർഷത്തിന്റെ തുടർച്ചയായിരിക്കും അടുത്ത അഞ്ചു വർഷം ഉണ്ടാകുകയെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇത് നടപ്പാക്കുമ്പോൾ ഉടലെടുക്കുന്ന തടസ്സങ്ങൾ നീക്കുന്നതിലായിരിക്കും തന്റെ ശ്രദ്ധയെന്നും സിങ് പറഞ്ഞു.
ആഭ്യന്തരമന്ത്രിയായി അമിത് ഷാ ന്യൂഡൽഹി നോർത്ത് ബ്ലോക്കിലെത്തി ചുമതലയേറ്റു. ഭീകരതക്കും നക്സലിസത്തിനും സായുധപ്രവർത്തനങ്ങൾക്കും എതിരായ ഇന്ത്യയുടെ പോരാട്ടം അടുത്ത തലത്തിലെത്തിക്കുമെന്ന് അധികാരമേറ്റ ശേഷം അമിത് ഷാ വ്യക്തമാക്കി. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജഗത് പ്രകാശ് നദ്ദ സഹമന്ത്രിമാരായ പ്രതാപ റാവു ജാദവ്, അനുപ്രിയ പട്ടേല് എന്നിവരുടെ സാന്നിധ്യത്തിൽ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രിയായി ചുമതലയേറ്റ് മന്ത്രാലയത്തിലെ മുതിര്ന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.
പ്രൾഹാദ് ജോഷി ഉപഭോക്തൃകാര്യ-ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിൽ സഹമന്ത്രിമാരായ ബി.എൽ. വർമ, നിമുബെൻ ജയന്തിഭായ് ബാംഭണിയ എന്നിവരുടെ സാന്നിധ്യത്തിൽ ചുമതലയേറ്റു. പിയൂഷ് ഗോയൽ ജോഷിക്കു ചുമതല കൈമാറി.
തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രിയായി സർബാനന്ദ സോനോവാളും വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായി അശ്വിനി വൈഷ്ണവും സഹമന്ത്രിയായി ഡോ. എൽ. മുരുകനും ചുമതലയേറ്റു. റെയിൽവേ, ഇലക്ട്രോണിക്സ്-ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയങ്ങളിലും വൈഷ്ണവ് ചുമതലയേറ്റു. വനിത-ശിശുവികസന മന്ത്രിയായി അന്നപൂർണ ദേവിയും സഹമന്ത്രിയായി സാവിത്രി ഠാകുറും സാംസ്കാരിക വകുപ്പ് മന്ത്രിയായി ഗജേന്ദ്ര സിങ് ഷെഖാവത്, തൊഴിൽ ഉദ്യോഗ, യുവജനകാര്യ കായിക മന്ത്രിയായി ഡോ. മൻസുഖ് മാണ്ഡവ്യയും ചുമതലയേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.