'മോദി നിർമിച്ച റോഡുകൾ പ്രോത്സാഹിപ്പിച്ചതിന് നന്ദി'; ലഡാക്ക് യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ച രാഹുലിനോട് നന്ദി പറഞ്ഞ് കിരൺ റിജിജു
text_fieldsന്യൂഡൽഹി: ലഡാക്കിലെ മോട്ടോർസൈക്കിൾ യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നന്ദി പറഞ്ഞ് കേന്ദ്ര മന്ത്രി കിരൺ റിജിജു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഹിമാലയൻ മേഖലയിൽ നിർമിച്ച നല്ല റോഡുകൾ പ്രോത്സാഹിപ്പിച്ചതിന് നന്ദിയെന്നായിരുന്നു റിജിജിവുന്‍റെ പ്രതികരണം. കാശ്മീർ താഴ്‌വരയിൽ വിനോദസഞ്ചാരം എങ്ങനെ കുതിച്ചുയരുന്നുവെന്ന് നേരത്തെയും ഗാന്ധി കാണിച്ചുതന്നിട്ടുണ്ടെന്നും ശ്രീനഗറിലെ ലാൽ ചൗക്കിൽ ഇപ്പോൾ സമാധാനപരമായി ദേശീയ പതാക ഉയർത്താമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയതിന് ശേഷം കശ്മീരിലുണ്ടായ നല്ല മാറ്റങ്ങൾ കാണിക്കാൻ രാഹുൽ ഗാന്ധി നടത്തിയ റോഡ് ട്രിപ്പിൽ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്‍റെ കൂടുതൽ ചിത്രങ്ങളും വിശേഷങ്ങളും അറിയാൻ ആവേശത്തോടെ കാത്തിരിക്കുകയാണെന്നുമായിരുന്നു പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയുടെ പരാമർശം.
രാഹുൽഗാന്ധി നിലവിൽ ലഡാക് പര്യടനം തുടരുകയാണ്. അടുത്തയാഴ്ച രാഹുൽ ഗാന്ധി കാർഗിൽ സന്ദർശിച്ചേക്കും. രണ്ട് ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ചയാണ് അദ്ദേഹം ലേയിൽ എത്തിയത്. പാംഗോങ് തടാകം, നുബ്ര വാലി, കാർഗിൽ എന്നിവിടങ്ങളിൽ സന്ദർസിക്കുന്നതിന്‍റെ ഭാഗമായി നാല് ദിവസം കൂടി പ്രദേശത്ത് തുടരാനാണ് തീരുമാനം.
സെപ്തംബർ 10ന് ആണ് കാർഗിൽ ഹിൽ കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കുക. കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യമായിരിക്കും തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ മത്സരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.