കേന്ദ്ര മന്ത്രിസഭ വൈകാതെ വികസിപ്പിച്ചേക്കും
text_fieldsന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭ വൈകാതെ പുനഃസംഘടിപ്പിച്ചേക്കും. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കേണ്ട പുതിയ ബജറ്റിെൻറ തയാറെടുപ്പുകളിലേക്ക് കടന്നിട്ടുണ്ടെങ്കിലും പ്രധാനപ്പെട്ട പല വകുപ്പുകൾക്കും മന്ത്രിയില്ല. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ അടുത്ത ആഴ്ചകളിൽ തന്നെ മന്ത്രിസഭ വികസനം നടന്നേക്കും.
രാംവിലാസ് പാസ്വാെൻറ മരണത്തോടെ ഭക്ഷ്യ-പൊതുവിതരണ വകുപ്പിനും ശിരോമണി അകാലിദൾ ഭരണമുന്നണി വിട്ടതോടെ ഭക്ഷ്യസംസ്കരണ വകുപ്പിനും മന്ത്രിമാരില്ല. റെയിൽവേ, വാണിജ്യം തുടങ്ങിയ പ്രധാന വകുപ്പുകൾ പീയൂഷ് ഗോയൽ ഒറ്റക്ക് കൈകാര്യം ചെയ്യുന്നു. കൂടുതൽ ജനബന്ധമുള്ള വകുപ്പുകൾക്ക് മന്ത്രിമാരില്ലാത്തത് ബജറ്റിലെ മുൻഗണനകളെ ബാധിക്കുന്ന സ്ഥിതിയുണ്ട്.
ബിഹാറിൽ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയ സുശീൽകുമാർ മോദിയെ കേന്ദ്രമന്ത്രിയാക്കിയേക്കും. മധ്യപ്രദേശിൽ കോൺഗ്രസിൽനിന്ന് അധികാരം പിടിക്കുന്നതിന് സഹായിച്ച ജ്യോതിരാദിത്യ സിന്ധ്യ, രാംവിലാസ് പാസ്വാെൻറ മകൻ ചിരാഗ് പാസ്വാൻ, അഞ്ചു വർഷം മുമ്പ് കോൺഗ്രസിൽനിന്ന് ബി.ജെ.പിയിൽ എത്തി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പാർട്ടിസ്വാധീനം വർധിപ്പിച്ച ഹിമന്ത ബിശ്വശർമ, മീനാക്ഷി ലേഖി, ജി.വി.എൽ. നരസിംഹറാവു തുടങ്ങിയവരും മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്നു.
പശ്ചിമ ബംഗാൾ, കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ ഇവിടങ്ങളിൽനിന്ന് കേന്ദ്ര മന്ത്രിസഭ പ്രാതിനിധ്യം വർധിപ്പിച്ച് വോട്ടർമാരെ സ്വാധീനിക്കാനുള്ള ആലോചന നേതൃത്വത്തിലുണ്ട്. ആർ.പി.ഐ നേതാവ് രാംദാസ് അതാവലെയാണ് മോദിമന്ത്രിസഭയിലെ ഏക സഖ്യകക്ഷി മുഖം. സഹമന്ത്രിസ്ഥാനം മാത്രമാണ് അദ്ദേഹത്തിനുള്ളത്.
സഖ്യകക്ഷികളെ കൂടുതലായി ഉൾപ്പെടുത്താനുള്ള ശ്രമത്തിൽ ജനതാദൾ-യുവിെൻറ പ്രതിനിധിയെയും മന്ത്രിയാക്കിയേക്കും. അർഹതപ്പെട്ടത് കിട്ടാതെ മന്ത്രിസഭ രൂപവത്കരണ സമയത്ത് പിന്മാറുകയാണ് ജെ.ഡി.യു ചെയ്തത്. ഒന്നര വർഷമായ മന്ത്രിസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 53 പേരാണുള്ളത്. പരമാവധി 80 വരെയാകാം. എന്നാൽ, അത്തരത്തിലൊരു വിപുലീകരണത്തിന് ഉദ്ദേശ്യമില്ലെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.