ഡൽഹി സർക്കാറിനെതിരായ കേന്ദ്ര ഓർഡിനൻസ് കേസ് ഭരണഘടന ബെഞ്ചിലേക്ക്
text_fieldsന്യൂഡൽഹി: ഉദ്യോഗസ്ഥ നിയമനങ്ങളിൽ ഡൽഹി സർക്കാറിനുള്ള അധികാരം ശരിവെച്ച സുപ്രീംകോടതി വിധി മറികടക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെതിരായ ഹരജി ഭരണഘടന ബെഞ്ചിനു നൽകി സുപ്രീംകോടതി. ഡൽഹി സർക്കാർ നൽകിയ ഹരജിയിൽ കേസ് ഭരണഘടന ബെഞ്ചിനു നൽകിക്കൊണ്ടുള്ള വിശദമായ ഉത്തരവ് സുപ്രീംകോടതി വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, മനോജ് മിശ്ര എന്നിവർ വ്യാഴാഴ്ച പറഞ്ഞു.
ഡൽഹി ലെഫ്റ്റനന്റ് ഗവർണർക്കുവേണ്ടി ഹാജരായ അഡ്വ. ഹരീഷ് സാൽവെ, സംസ്ഥാന സർക്കാറിനുവേണ്ടി ഹാജരായ അഭിഷേക് സിങ്വി എന്നിവരുടെ ഹ്രസ്വ വാദത്തിനുശേഷമാണ് കേസ് വിപുല ബെഞ്ചിലേക്ക് മാറ്റുന്നതായി കോടതി പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാറിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഹാജരായി. കേന്ദ്ര ഓർഡിനൻസിന് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് നേരത്തേ ഡൽഹി സർക്കാർ സമർപ്പിച്ച ഹരജി നിരസിച്ച സുപ്രീംകോടതി, കേന്ദ്രത്തിനും ലഫ്റ്റനന്റ് ഗവർണർക്കും ഈയിടെ നോട്ടീസ് അയച്ചിരുന്നു. ഗ്രൂപ് എ നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും ഡൽഹി സർക്കാറിന് അധികാരം നൽകിയ സുപ്രീംകോടതി വിധി മറികടക്കാൻ കഴിഞ്ഞ മേയിലാണ് ഗവൺമെന്റ് ഓഫ് നാഷനൽ കാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി (ഭേദഗതി) ഓർഡിനൻസ് പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.