റെഡ്സോൺ: കേന്ദ്രം പറഞ്ഞ കണക്ക് തെറ്റെന്ന് പശ്ചിമ ബംഗാൾ
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ 10 ജില്ലകളെ കേന്ദ്ര സർക്കാർ റെഡ്സോണായി രേഖപ്പെടുത്തിയത് തെറ്റാണെന്ന് സംസ്ഥാന സർക്കാർ. ഒരുമാസമായി ഒറ്റ കോവിഡ് പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത ജില്ലകളെ വരെ കേന്ദ്രം റെഡ് സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാല് ജില്ലകൾ മാത്രമാണ് റെഡ് സോണിലുള്ളതെന്നും സംസ്ഥാന ആരോഗ്യ സെക്രട്ടറി വിവേക് കുമാർ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി പ്രീതി സുധന് അയച്ച കത്തിൽ വ്യക്തമാക്കി.
‘‘ഇത് തെറ്റായ വിലയിരുത്തലാണ്. പ്രദേശങ്ങളുടെ വർഗീകരണത്തിന് കേന്ദ്രസർക്കാർ പറഞ്ഞ മാനദണ്ഡമനുസരിച്ച് കൊൽക്കത്ത, ഹൗറ, നോർത്ത് 24 പർഗാനാസ്, പൂർബ മെഡിനിപൂർ എന്നീ നാല് ജില്ലകൾ മാത്രമാണ് ചുവന്ന മേഖലയിൽ ഉൾപ്പെടുക’’ -കത്തിൽ അറിയിച്ചു. വ്യാഴാഴ്ച ചീഫ് സെക്രട്ടറിമാർക്ക് സുധൻ അയച്ച കത്തിലും ചീഫ് സെക്രട്ടറിമാരുമായുള്ള വീഡിയോ കോൺഫറൻസിൽ കാബിനറ്റ് സെക്രട്ടറിയും പശ്ചിമ ബംഗാളിൽ 10 ജില്ലകൾ അതിതീവ്ര മേഖലയാണെന്ന് (റെഡ്സോൺ) പറഞ്ഞിരുന്നു.
എന്നാൽ, ഈ ലിസ്റ്റിൽ ഉൾപ്പെട്ട കലിംപോങ് അടക്കമുള്ള ജില്ലകളിൽ ഏപ്രിൽ 2നാണ് അവസാനമായി കൊറോണ വൈറസ് പോസിറ്റീവ് കണ്ടെത്തിയത്. ഏപ്രിൽ 4ന് അവസാന പോസിറ്റീവ് കേസ് രേഖപ്പെടുത്തിയ ജൽപായ്ഗുഡിയും പട്ടികയിലുണ്ട്. മറ്റൊരു ജില്ലയായ മുർഷിദാബാദിൽ ഏപ്രിൽ 16 നാണ് ഒടുവിൽ രോഗം സ്ഥിരീകരിച്ചതെന്നും സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ഇതുവരെ കോവിഡ് -19 കേസുകളൊന്നും കണ്ടെത്തിയിട്ടില്ല. ഇവ ഗ്രീൻ സോണിലാണ് ഉൾപ്പെടുക.
കൊൽക്കത്തയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 30 വരെ കൊൽക്കത്തയിൽ 489 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് മൊത്തം 931 കേസുകളാണുള്ളത്. ഇതിൽ 52 ശതമാനവും കൊൽക്കത്തയിലാണ്. 176 കേസുകളുള്ള ഹൗറയാണ് തൊട്ടുപിന്നിൽ. 24 നോർത്ത് പർഗാനയിൽ 122 പേർക്കും ഇതുവരെ രോഗം കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, കേന്ദ്രത്തിെൻറ തെറ്റ് ചൂണ്ടിക്കാട്ടിയതിന് കേന്ദ്രസർക്കാരും ബി.ജെ.പി കേന്ദ്രങ്ങളും കടുത്ത വിമർശനമാണ് മമതയ്ക്കും ബംഗാളിനുമെതിരെ അഴിച്ചുവിടുന്നത്. കോവിഡ് 19 വൈറസിനെതിരെ പോരാടുന്നതിന് പകരം മമത ബാനർജിയും സര്‍ക്കാരും സംസ്ഥാനത്തെ കൊറോണ വൈറസ് സാഹചര്യങ്ങള്‍ മറച്ചുവെക്കുകയാണെന്നാണ് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി ആരോപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.