സുദർശൻ ടി.വിയിലെ 'യു.പി.എസ്.സി ജിഹാദ്' പരിഷ്കാരങ്ങളോടെ സംപ്രേഷണം ചെയ്യാൻ കേന്ദ്രസർക്കാർ അനുമതി
text_fieldsന്യൂഡൽഹി: സുദർശൻ ടി.വിയിലെ വിവാദമായ 'ബിന്ദാസ് ബോൽ' പരിപാടിയുടെ ശേഷിക്കുന്ന എപ്പിസോഡുകൾ സംേപ്രഷണം ചെയ്യാൻ അനുമതി നൽകി കേന്ദ്രസർക്കാർ. പരിഷ്കാരങ്ങൾ വരുത്തിയും മിതത്വം പാലിച്ചും പരിപാടി സംപ്രേഷണം ചെയ്യണമെന്ന നിർദേശവും കേന്ദ്രസർക്കാർ നൽകി.
ബിന്ദാസ് ബോൽ പരിപാടി മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുന്നതാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. പരിപാടിയിൽ യു.പി.എസ്.സിയിലേക്ക് മുസ്ലിങ്ങൾ നുഴഞ്ഞുകയറുന്നുവെന്നായിരുന്നു പരാമർശം.
സർക്കാർ സർവിസുകളിലേക്ക് മുസ്ലിങ്ങൾ നുഴഞ്ഞുകയറുന്നുവെന്ന എപ്പിസോഡുകൾ കാണിക്കുന്ന 'യു.പി.എസ്.സി ജിഹാദ്' പരിപാടി നല്ല അഭിരുചി വളർത്തില്ലെന്നും സാമുദായിക ഐക്യത്തെ തകർക്കുമെന്നും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം വ്യക്തമാക്കി. പരിഷ്കാരങ്ങൾ വരുത്തണമെന്നും ഭാവിയിൽ ശ്രദ്ധാലുവാകാൻ ശ്രമിക്കണെമന്നും മന്ത്രാലയം നിർദേശം നൽകുകയും ചെയ്തു.
സുദർശൻ ടി.വി ആഗസ്റ്റ് 28ന് സംപ്രേഷണം ചെയ്ത ഒരു എപ്പിസോഡിൽ രാജ്യത്തെ സിവിൽ സർവിസ് സർവിസുകളിൽ മുസ്ലിങ്ങൾ എത്തി ബ്യൂറോക്രസിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുവെന്ന് ആക്ഷേപിച്ചിരുന്നു.
എപ്പിസോഡ് പുറത്തുവന്ന ശേഷം നിരവധി സംഘടനകളും വ്യക്തികളും പരിപാടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. തുടർന്ന് പരിപാടിക്ക് സുപ്രീംകോടതി നിരോധനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു സമുദായത്തിനെതിരെ പ്രകോപനപരമായ പരാമർശങ്ങൾ വരും എപ്പിസോഡുകളിൽ ഉണ്ടാകില്ലെന്ന് ചാനൽ കോടതിയെ ബോധ്യപ്പെടുത്തിയാൽ പരിപാടിയിൽ ഏർപ്പെടുത്തിയ നിരോധനം നീക്കാനാകുവെന്നും സുപ്രീംകോടതി നിർദേശിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.