വായ്പാപരിധി: കേന്ദ്ര-കേരള ചർച്ച പരാജയം
text_fieldsന്യൂഡൽഹി: വായ്പാപരിധി അടക്കമുള്ള വിഷയങ്ങളിൽ സുപ്രീംകോടതി നിർദേശ പ്രകാരം കേന്ദ്ര-സംസ്ഥാന സർക്കാർ പ്രതിനിധികൾ നടത്തിയ ചർച്ച ഫലം കണ്ടില്ല. സുപ്രീംകോടതിയിൽ കേസ് നിലനിൽക്കുമ്പോൾ വിഷയത്തിൽ എങ്ങനെ തീരുമാനമെടുക്കുമെന്ന ചോദ്യമാണ് ധനമന്ത്രാലയ പ്രതിനിധികൾ ഉയർത്തിയതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. പ്രശ്നം തീർക്കുന്നതിന് കേസ് തടസ്സമെന്ന മട്ടിലുള്ള വാദം അംഗീകരിക്കാനാവില്ല. കേരളം ഉന്നയിച്ച ഏറ്റവും ചുരുങ്ങിയ ആവശ്യങ്ങളുടെ കാര്യത്തിൽപോലും തീരുമാനമായില്ല.
കേരളം നൽകിയ നിവേദനം മുൻനിർത്തി കേന്ദ്രതലത്തിൽ വീണ്ടും ചർച്ച നടക്കുമെന്നും അടുത്തദിവസം കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോൾ നിലപാട് അറിയിക്കുമെന്നുമാണ് കരുതുന്നത്. ചർച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേരള സർക്കാർ കോടതിയിൽ ബോധിപ്പിക്കും.
കേരളം സുപ്രീംകോടതിയിൽ നൽകിയ കേസ് പിൻവലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ, സൂചന അത്തരത്തിലാണ്. സുപ്രീംകോടതി ആവശ്യപ്പെട്ട പ്രകാരം നടന്ന ചർച്ച മൂന്നുമണിക്കൂർ നീണ്ടെങ്കിലും പ്രതീക്ഷിച്ചപോലെ ഗുണപ്രദമായില്ല. സംസ്ഥാനത്തിന്റെ നിലപാടുകൾ അടിയറവെച്ച് പ്രശ്നപരിഹാരം സാധ്യമല്ല. നയപരമായ മാറ്റം കേന്ദ്രത്തിന് ഉണ്ടാകുമോ എന്ന കാര്യം കാത്തിരുന്നു കാണേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ചർച്ചയിൽ ഉണ്ടായിരുന്നില്ല. ധനകാര്യ സെക്രട്ടറി ഡോ. ടി.വി. സോമനാഥൻ, അഡീഷനൽ സോളിസിറ്റർ ജനറൽ എൻ. വെങ്കട്ടരാമൻ, അഡീഷനൽ സെക്രട്ടറി സജ്ജൻസിങ് യാദവ് തുടങ്ങിയവരാണ് പങ്കെടുത്തത്. കേരളത്തെ പ്രതിനിധാനംചെയ്ത് മന്ത്രി ബാലഗോപാലിനുപുറമെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ, അഡ്വ. ജനറൽ ഗോപാലകൃഷ്ണ കുറുപ്പ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.