നീറ്റ് ക്രമക്കേട്; അന്വേഷണം സി.ബി.ഐക്ക് കൈമാറും
text_fieldsന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം സമഗ്ര അന്വേഷണത്തിനായി സി.ബി.ഐക്ക് കൈമാറുമെന്ന് കേന്ദ്രസർക്കാർ. പരീക്ഷ പ്രക്രിയയുടെ സുതാര്യതക്കായി വിഷയം സി.ബി.ഐക്ക് കൈമാറാൻ അവലോകനത്തിന് ശേഷം തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
പരീക്ഷകളുടെ പവിത്രത ഉറപ്പാക്കാനും വിദ്യാർഥികളുടെ താൽപ്പര്യം സംരക്ഷിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ക്രമക്കേടുകളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളും സംഘടനകളും കർശന നടപടി നേരിടേണ്ടിവരുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) ഡയറക്ടർ ജനറൽ സുബോധ് സിങ്ങിനെ നീക്കം ചെയ്യുകയും പരീക്ഷാ പരിഷ്‌കരണങ്ങൾക്കായി മുൻ ഐ.എസ്.ആർ.ഒ മേധാവി കെ. രാധാകൃഷ്ണന്‍റെ നേതൃത്വത്തിൽ ഏഴംഗ സമിതി രൂപീകരിക്കുകയും ചെയ്‌തതുൾപ്പെടെയുള്ള നടപടികൾക്ക് ശേഷമാണ് പുതിയ നീക്കം.
മെയ് അഞ്ചിന് 4,750 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയിൽ 24 ലക്ഷത്തോളം വിദ്യാർഥികൾ പങ്കെടുത്തു. ജൂൺ 14ന് ഫലം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ജൂൺ നാലിന് തന്നെ പ്രഖ്യാപിക്കുകയായിരുന്നു.
നീറ്റ്-യു.ജിയിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ സി.ബി.ഐ.ക്കും ഇ.ഡിക്കും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് പരീക്ഷയെഴുതിയ 10 വിദ്യാർഥികൾ സുപ്രീം കോടതിയിൽ പുതിയ ഹരജി സമർപ്പിച്ചു. ഹരജിയിൽ കേസിന്‍റെ അന്വേഷണം വേഗത്തിലാക്കാനും സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ബിഹാർ പൊലീസിന് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നീറ്റ്-യു.ജി 2024 പരീക്ഷ റദ്ദാക്കണമെന്നതും കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്നതും ഉൾപ്പെടെയുള്ള നിരവധി ഹരജികളിൽ സുപ്രീം കോടതി നേരത്തെ കേന്ദ്രത്തിൽ നിന്നും എൻ.ടി.എയിൽ നിന്നും മറ്റുള്ളവരിൽ നിന്നും പ്രതികരണം തേടിയിരുന്നു.
എൻ.ടി.എയുടെ ചരിത്രത്തിൽ ആദ്യമായി ഒരു കേന്ദ്രത്തിൽ നിന്നുള്ള ആറ് പേർ 720 മാർക്ക് നേടിയ 67 വിദ്യാർഥികളുടെ പട്ടികയിൽ ഇടംനേടിയെന്നത് ക്രമക്കേടുകൾ നടന്നു എന്ന സംശയം ബലപ്പെടുത്തുന്നു. ആറ് കേന്ദ്രങ്ങളിലെ സമയനഷ്ടം നികത്താൻ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകിയതും വിവാദമായിരുന്നു. ഗ്രേസ് മാർക്ക് റദ്ദാക്കുകയാണെന്നും ഈ വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷ എഴുതാനുള്ള അവസരം നൽകുമെന്നും കേന്ദ്രം പിന്നീട് സുപ്രീം കോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.