ദേശീയപാതയടക്കം സ്വകാര്യമേഖലക്ക്; ആറു ലക്ഷം കോടിയുടെ പൊതുമുതൽ നാലുവർഷത്തിനകം കൈമാറും
text_fieldsന്യൂഡൽഹി: ദേശീയപാതയടക്കം ആറു ലക്ഷം കോടി രൂപ മൂല്യമുള്ള പൊതുമുതൽ സ്വകാര്യമേഖലക്ക് നിബന്ധനകളോടെ വിൽക്കാനുള്ള പദ്ധതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. റോഡ്, റെയിൽവേ, വൈദ്യുതി, പ്രകൃതി വാതകം, ടെലികോം, വെയർഹൗസിങ്, ഖനനം, വ്യോമയാനം, സ്റ്റേഡിയം തുടങ്ങിയവയാണ് പുതിയ രൂപത്തിൽ വിറ്റഴിക്കുന്നത്.
വേണ്ടത്ര ഉപയോഗിക്കാത്ത വസ്തുവകകൾ സ്വകാര്യ മേഖലക്ക് കൈമാറി അടിസഥാന സൗകര്യ വികസനമെന്ന പേരിൽ പണം സമാഹരിക്കാനുള്ള പദ്ധതി എന്ന നിലയിലാണ് വിൽപന. നാലുവർഷംകൊണ്ട് ആറു ലക്ഷം കോടി രൂപയുടെ ആസ്തികളാണ് നൽകുക. ഇക്കൊല്ലം 80,000 കോടി രൂപയാണ് ലക്ഷ്യം. 2025 വരെ തുടർന്നുള്ള വർഷങ്ങളിൽ ഒന്നര ലക്ഷം കോടി വീതം സമാഹരിക്കും.
വിവിധ മന്ത്രാലയങ്ങളെ ബന്ധിപ്പിച്ച് പൊതുസ്വത്ത് പണമാക്കി മാറ്റാൻ നിതി ആയോഗ് തയാറാക്കിയ നാഷനൽ മോണിറ്റൈസേഷൻ പൈപ്ലൈൻ എന്ന പദ്ധതി ധനമന്ത്രി നിർമല സീതാരാമനാണ് പ്രഖ്യാപിച്ചത്. കോവിഡ് സാഹചര്യങ്ങൾക്കിടയിൽ പൊതുമേഖല സ്ഥാപന വിൽപന ഇഴയുന്നതിനാൽ മറുവഴിയെന്ന നിലയിലാണ് വിഭവ സമാഹരണത്തിെൻറ പുതിയ രൂപം സർക്കാർ കൊണ്ടുവരുന്നത്.
അതനുസരിച്ച് കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ പക്കലുള്ള പൊതുസ്വത്ത് നവീകരിച്ച് പ്രവർത്തിപ്പിക്കാൻ സ്വകാര്യ മേഖലക്ക് നിശ്ചിത കാലത്തേക്ക് കരാറിനു നൽകും. ശരിയായ വില ഈടാക്കുമെന്നും ഉടമാവകാശം സർക്കാറിനു തന്നെയാവുമെന്നുമാണ് വിശദീകരണം.
അടിസ്ഥാന സൗകര്യ വികസന പരിപാടിയെന്ന നിലയിൽ പുതിയ രീതി ആവിഷ്ക്കരിക്കുന്ന കാര്യം കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. അതിെൻറ നടത്തിപ്പു കാര്യങ്ങൾ നിതി ആയോഗും വിവിധ മന്ത്രാലയങ്ങളും ചേർന്ന് രൂപപ്പെടുത്തി ഇപ്പോൾ പുറത്തിറക്കുകയാണ് ചെയ്തത്. ഓരോ മന്ത്രാലയത്തിനും വാർഷിക ടാർഗറ്റ് നിശ്ചയിക്കും.
സ്വകാര്യവത്കരിക്കുന്ന സ്വത്തിന്‍റെ മൂല്യം
റോഡ്- 1,60,200 കോടി
റെയിൽവേ- 1,52,496 കോടി
വൈദ്യുതി വിതരണം- 45,200 കോടി
വൈദ്യുതി ഉത്പാദനം-39,832 കോടി
നാച്ചുറൽ ഗ്യാസ് പൈപ്പ്‌ലൈൻ-24,462 കോടി
പ്രൊഡക്റ്റ് പൈപ്പ്‌ലൈൻ/ മറ്റുള്ളവ-22,504 കോടി
ടെലികോം-35,100 കോടി
വെയർഹൗസിങ്-28,900 കോടി
ഖനനം-28,747 കോടി
വ്യോമയാനം-20,782 കോടി
തുറമുഖം-12,828 കോടി
സ്റ്റേഡിയം-11,450 കോടി
അർബൻ റിയൽ എസ്റ്റേറ്റ്- 15,000 കോടി
സ്വകാര്യമേഖലക്ക് 26,700 കി.മീ. ദേശീയപാത
ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള 26,700 കിലോമീറ്റർ റോഡ് ഇത്തരത്തിൽ സ്വകാര്യമേഖലക്ക് വിട്ടുകൊടുക്കും. പവർഗ്രിഡിെൻറ 28,000 കിലോമീറ്റർ വരുന്ന വൈദ്യുതി ലൈനുകൾ കൈമാറുന്ന ആസ്തികളിലൊന്നാണ്. കരാറടിസ്ഥാനത്തിൽ കൈമാറുന്ന ആസ്തികളിൽ കൊങ്കൺ റെയിൽപാതയുംപെടും. ടെലികോം, വ്യോമയാന, ഷിപ്പിങ്, വാതക, ഖനന മേഖലകളെല്ലാം വികസനത്തിെൻറ പേരിൽ സ്വകാര്യ മേഖലയുെട കൈകളിലേെക്കത്തും. ഇന്ത്യക്ക് അകത്തു നിന്നും പുറത്തു നിന്നും ഇതിലേക്ക് സ്വകാര്യ നിക്ഷേപം സ്വീകരിക്കും. സംസ്ഥാനങ്ങളുടെ പക്കലുള്ള ആസ്തികളുടെ കാര്യത്തിലൂം ഈ വഴി സ്വീകരിക്കാമെന്ന് നിതി ആയോഗ് ഉപാധ്യക്ഷൻ രാജീവ്കുമാർ, സി.ഇ.ഒ അമിതാഭ് കാന്ത് എന്നിവർ വിശദീകരിച്ചു.
2021-22 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിൽ തന്നെ ഇത്തരത്തിൽ സ്വകാര്യവത്കരണം നടത്തി സർക്കാർ കൂടുതൽ വരുമാനമുണ്ടാക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. മികച്ച രീതിയിൽ ലാഭമുണ്ടാക്കാത്ത മേഖലകൾ സ്വകാര്യവത്കരിക്കുക എന്നതാണ് സർക്കാർ നയമെന്ന് നിർമല സീതാരാമൻ പറഞ്ഞു. ഇത്തരത്തിൽ സ്വകാര്യവത്കരിച്ചാൽ മേഖലയിലെ കൂടുതൽ നിക്ഷേപങ്ങൾക്കുള്ള ഫണ്ട് കേന്ദ്രസർക്കാരിന് ലഭിക്കുമെന്ന് അവർ പറഞ്ഞു. സ്വകാര്യവത്കരണം വഴി സ്വത്തിന്‍റെ ഉടമസ്ഥാവകാശം സർക്കാരിന് നഷ്ടമാകില്ലെന്നും സ്വകാര്യ വ്യക്തികൾ നിശ്ചിത കാലയളവിന് ശേഷം ഈ സ്വത്തുക്കൾ സർക്കാരിന് തിരികെ നൽകുമെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.