ബിൽക്കീസ് ബാനു കേസ്: പ്രതികളെ വിട്ടയക്കുന്നതിന് രണ്ടാഴ്ചക്കുള്ളിൽ കേന്ദ്രം അനുമതി നൽകി; സി.ബി.ഐയും പ്രത്യേക കോടതിയും എതിർത്തു
text_fieldsന്യൂഡൽഹി: 2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ അതിക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളായ 11 പേരെ വിട്ടയച്ച നടപടി രണ്ടാഴ്ചക്കുള്ളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചുവെന്ന് രേഖകൾ. എന്നാൽ വിട്ടയച്ച നടപടിയെ സി.ബി.ഐയും പ്രത്യേക കോടതിയും എതിർത്തിരുന്നുവെന്നും രേഖകൾ വ്യക്തമാക്കുന്നു.
ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബത്തെയാകെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട 11 പ്രതികളെയാണ് ശിക്ഷാ കാലാവധി പൂർത്തിയാക്കും മുമ്പ് ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. ഇവർ 14 വർഷമായി ജയിലിൽ കഴിയുകയാണെന്നും പെരുമാറ്റം നല്ലതാണെന്നുമാണ് വിട്ടയച്ചതിനെ കുറിച്ച് ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ വിശദീകരിച്ചത്. വിട്ടയച്ചത് കേന്ദ്രം അംഗീകരിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
2022 ജൂൺ 28നാണ് 11 പേരെയും വിട്ടയക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ അനുമതി തേടിയത്. ജൂലൈ 11 ന് കേന്ദ്രസർക്കാർ അനുമതി നൽകി. തുടർന്ന് പ്രതികളെ സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് വിട്ടയച്ചു. അത് വ്യാപകമായ രാഷ്ട്രീയ വിമർശനങ്ങൾക്ക് ഇടവെച്ചിരുന്നു. ഇത്തരം വിടുതലുകൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. എന്നാൽ പ്രതികളെ വിട്ടയച്ചപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയോ എന്ന കാര്യം സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നില്ല. അതിനാൽ കേന്ദ്രത്തിന്റെ അനുമതിയില്ലാതെയാണ് വിട്ടയച്ചതെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്.
എന്നാൽ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിൽ കാലാവധി പൂർത്തിയാക്കും മുമ്പുള്ള വിടുതലിന് കേന്ദ്രം അനുമതി നൽകിയതിന്റെ രേഖകൾ സംസ്ഥാന സർക്കാർ സമർപ്പിച്ചു.
അതേസമയം, സി.ബി.ഐയും പ്രത്യേക സിവിൽ ജഡ്ജും പ്രതികളുടെ നേരത്തെയുള്ള വിടുതലിനെ എതിർത്തിരുന്നുവെന്നും രേഖകൾ വ്യക്തമാക്കുന്നു.
പ്രതികളെ വിട്ടയച്ചതിനെ ചോദ്യം ചെയ്യുന്ന മൂന്ന് ഹരജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. കേസ് സി.ബി.ഐയാണ് അന്വേഷിച്ചതെന്നും അതിനാൽ കേന്ദ്ര സർക്കാരുമായി കൂടിയാലോചിക്കാതെ ഗുജറാത്ത് സർക്കാർ മാത്രം ഇളവ് അനുവദിച്ചത് ക്രിമിനൽ നിയമപ്രകാരം അനുവദനീയമല്ലെന്നും ഹരജിക്കാരിൽ ഒരാൾ വാദിച്ചിരുന്നു.
തുടർന്ന് ബിൽക്കിസ് ബാനു കേസിലെ പ്രതികൾക്ക് നൽകിയ ഇളവ് ഉത്തരവ് ഉൾപ്പെടെയുള്ള മുഴുവൻ നടപടികളും ഫയൽ ചെയ്യാൻ ഗുജറാത്ത് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. കോടതിയിൽ രേഖകൾ ഹാജരാക്കിയതോടെയാണ് കേസിൽ കേന്ദ്രം വിടുതലിന് അനുമതി നൽകിയത് വ്യക്തമായത്.
പ്രതികളുടെ കുറ്റം നിന്ദ്യവും ഗുരുതരവുമായതിനാൽ അവർക്ക് കാലാവധി പൂർത്തിയാക്കും മുമ്പ് ഇളവ് നൽകരുതെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ഗോധ്ര സബ് ജയിൽ സൂപ്രണ്ടിന് സി.ബി.ഐ കത്ത് അയച്ചിരുന്നു.
ഇരകൾ ഒരു പ്രത്യേക മതത്തിൽപെട്ടവരാണെന്ന കാരണത്താലാണ് കുറ്റകൃത്യം നടത്തിയത്. ഈ കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെപ്പോലും ഒഴിവാക്കിയിട്ടില്ല അതിനാൽ പ്രതികളെ നേരത്തെ വിട്ടയക്കരുതെന്ന് പ്രത്യേക ജഡ്ജിയും ആവശ്യപ്പെട്ടിരുന്നു.
ബിൽക്കിസ് ബാനുവിന്റെ മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ കുടുംബത്തിലെ ഏഴ് അംഗങ്ങളാണ് അവരുടെ കൺമുന്നിൽ കൊല്ലപ്പെട്ടത്. കുഞ്ഞിനെ കാലുപിടിച്ച് തല കല്ലിലിടിച്ചാണ് കൊന്നത്. കൊല്ലപ്പെട്ടതായി ബിൽക്കിസ് പറഞ്ഞ മറ്റ് ബന്ധുക്കളെ കാണാതായതായി പ്രഖ്യാപിക്കുകയായിരുന്നു.
അന്ന് 21 വയസും അഞ്ച് മാസം ഗർഭിണിയുമായ ബിൽക്കിസിനെ കൂട്ടബലാത്സംഗം ചെയ്തു. സബർമതി എക്‌സ്‌പ്രസിന് നേരെയുണ്ടായ ആക്രമണത്തിൽ 59 'കർസേവകർ' കൊല്ലപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്തുടനീളമുണ്ടായ അക്രമത്തിലാണ് ബിൽക്കിസിന്റെ കുടുംബം ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ നിന്ന് രക്ഷതേടി ഗുജറാത്തിലെ ദാഹോദിലെ വയലിൽ ഒളിച്ചിരിക്കുകയായിരുന്നു കുടുംബം.
2019ൽ ബിൽക്കിസ് ബാനുവിന് ജോലി, വീട്, 50 ലക്ഷം രൂപ എന്നിവ നഷ്ടപരിഹാരമായി നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. കുറ്റവാളികളെ മുംബൈയിലെ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അത് പിന്നീട് ഹൈകോടതി ശരിവച്ചു.
പ്രതികളെ വിട്ടയക്കാനുള്ള തീരുമാനത്തെക്കുറിച്ച് തന്നെ അറിയിച്ചിട്ടില്ലെന്ന് ബിൽക്കിസ് ബാനു പറഞ്ഞു. പ്രതികളെ മോചിപ്പിക്കാൻ ശിപാർശ ചെയ്ത ഗുജറാത്ത് സർക്കാരിന്റെ ഉപദേശക സമിതിയിലെ 10 അംഗങ്ങളിൽ അഞ്ചുപേർക്കും ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ത്രീശാക്തീകരണത്തെ കുറിച്ച് പ്രശംസിച്ച് മണിക്കൂറുകൾക്കുള്ളിലായിരുന്നു ബലാത്സംഗ -കൊലപാതകക്കേസിലെ പ്രതികളെ ശിക്ഷാ കാലാവധി പൂർത്തിയവും മുമ്പ് തന്നെ ഗുജറാത്ത് സർക്കാർ വെറുതെ വിട്ടത്. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ ശക്തമായി പ്രതികരിച്ചിരുന്നു. ഇതാണ് ബി.ജെ.പിയുടെ കീഴിലുള്ള പുതിയ ഇന്ത്യയുടെ യഥാർഥ മുഖം എന്നായിരുന്നു പ്രതിപക്ഷം വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.