കോവിഡ് കുറഞ്ഞു; സംസ്ഥാനങ്ങളോട് അധിക നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: ഒരാഴ്ചയായി രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഏർപ്പെടുത്തിയ അധിക നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ഇക്കാര്യം അറിയിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചു.
ജനുവരി 21 മുതൽ രാജ്യത്ത് കോവിഡ് കേസുകൾ ക്രമാതീതമായി കുറഞ്ഞുവരുകയാണ്. കഴിഞ്ഞ ഒരാഴ്ചയിലെ ശരാശരി പ്രതിദിന കേസുകൾ 50,476 ആയിരുന്നു. 24 മണിക്കൂറിനിടെ 27,409 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച ടി.പി.ആർ 3.63 ശതമാനമായി കുറഞ്ഞുവെന്നും രാജേഷ് ഭൂഷൺ പറഞ്ഞു.
നിലവിലെ കോവിഡ് കേസുകളും സംസ്ഥാനങ്ങളിലെ പോസിറ്റിവിറ്റി നിരക്കും പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ ആളുകളുടെ സഞ്ചാരവും സാമ്പത്തിക പ്രവർത്തനങ്ങളും തടസ്സപ്പെടുത്തുന്ന തരത്തിലുള്ള അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്നും കത്തിൽ പറയുന്നു. അതേസമയം, ദിനംപ്രതി കേസുകൾ നിരീക്ഷിക്കുന്നത് തുടരണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.