ജൂണിൽ 12 കോടി ഡോസ് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്രത്തിന്‍റെ ഉറപ്പ്
text_fieldsന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിനേഷൻ മന്ദഗതിയിലായത് ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ, ജൂണിൽ 12 കോടിക്കടുത്ത് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് ആഭ്യന്തര വിതരണത്തിന് ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാറിന്‍റെ ഉറപ്പ്. മേയിൽ ലഭ്യമാക്കിയതിനേക്കാൾ 50 ശതമാനം വർധനവാണിത്.
മേയിൽ 7,94,05,200 ഡോസ് കോവിഡ് വാക്‌സിനുകളാണ് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ലഭ്യമാക്കിയത്. ജൂണിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി 6.09 കോടി വാക്സിൻ ഡോസുകൾ (മേയിൽ നൽകിയത് 4.03 കോടി) നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പോരാളികള്‍, 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്ക് വിതരണം ചെയ്യാനാണിത്. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും 5.86 കോടി ഡോസുകൾ (മേയിൽ നൽകിയത് 3.90 കോടി) നേരിട്ട് വാങ്ങാം.
രാജ്യത്ത് ഇതുവരെ 212 ദശലക്ഷം ഡോസ് കോവിഡ് വാക്‌സിനുകളാണ് വിതരണം ചെയ്തത്. ചൈനയ്ക്കും അമേരിക്കയ്ക്കും ശേഷം ഏറ്റവും കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്ത രാജ്യം ഇന്ത്യയാണ്. എങ്കിലും മൊത്തം ജനസംഖ്യയുടെ മൂന്ന് ശതമാനം ആളുകള്‍ക്കു മാത്രമേ രണ്ട് ഡോസ് വാക്‌സിനുകളും ലഭിച്ചിട്ടുള്ളൂ.
ഉപയോഗരീതി, ജനസംഖ്യ, വാക്‌സിന്‍ പാഴാക്കല്‍ എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്‍റെ കണക്കുപ്രകാരം ഝാർഖണ്ഡ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് വാക്സിൻ ഏറ്റവുമധികം പാഴാക്കുന്നത്. ഇൗ കണക്ക് തെറ്റാണെന്ന് ആരോപിച്ച് ഈ സംസ്ഥാനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശും തങ്ങൾ വാക്സിൻ പാഴാക്കുന്നെന്ന ആരോഗ്യ മന്ത്രാലയത്തിന്‍റെ റിപ്പോർട്ടിനെതിരെ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.