കന്നുകാലികളെ അറുക്കുന്നത് കേന്ദ്രം നിരോധിച്ചു; വിൽപന കർഷകർക്ക് മാത്രം
text_fieldsന്യൂഡൽഹി: കന്നുകാലികളെ കശാപ്പിന് വിൽക്കുന്നതും മതപരമായി ബലിയർപ്പിക്കുന്നതും നിരോധിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം. കാർഷിക ആവശ്യങ്ങൾക്കല്ലാതെ കന്നുകാലികളെ വിൽക്കാൻ പാടില്ല. പശു, കാള, പോത്ത്, ഒട്ടകം തുടങ്ങി എല്ലായിനം കാലികളുടെയും കാര്യത്തിൽ നിരോധനം ബാധകമാണ്. മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്ന 1960െല നിയമം 38ാം ഉപവകുപ്പ് അടിസ്ഥാനപ്പെടുത്തി വനം-പരിസ്ഥിതി മന്ത്രാലയമാണ് വിജ്ഞാപനം ഇറക്കിയത്. ജനുവരി 16ന് ഇറക്കിയ കരട് വിജ്ഞാപനമനുസരിച്ചുള്ള അന്തിമ വിജ്ഞാപനമാണ് പുറത്തു വന്നിരിക്കുന്നത്. ജനങ്ങളുടെ ഭക്ഷണരീതിക്കും ആചാരങ്ങൾക്കും നിയന്ത്രണം കൊണ്ടുവരുന്ന വിജ്ഞാപനം കടുത്ത എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ വിലക്ക് കാലികളുടെ കശാപ്പ് മിക്കവാറും പൂർണമായി തടയാൻ വഴിയൊരുക്കുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കാർഷികാവശ്യത്തിന് വിൽക്കുന്നതിനും കർക്കശ നിബന്ധനകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കാളക്കുട്ടി, പശുക്കിടാവ്, ആറു മാസത്തിൽ താഴെ പ്രായമുള്ള മൃഗങ്ങൾ തുടങ്ങിയവയെ കാർഷിക ആവശ്യത്തിനും വിൽക്കാൻ പാടില്ല. കന്നുകാലികളെ വാങ്ങി ആറു മാസത്തിനകം വീണ്ടും വിൽക്കുന്നതും തടഞ്ഞു. കന്നുകാലികളുടെ വിൽപനക്കും കൈമാറ്റത്തിനും നിരവധി രേഖകൾ ഹാജരാക്കേണ്ടി വരും. കൈമാറ്റം ചെയ്യുേമ്പാൾ കശാപ്പു ചെയ്യില്ലെന്ന് രേഖാമൂലം ഉറപ്പുനൽകണം. സംസ്ഥാനങ്ങൾക്കു പുറത്തു കൊണ്ടുപോകണമെങ്കിൽ അതത് സംസ്ഥാനങ്ങളുടെ അനുമതിപത്രം വേണം. രാജ്യാന്തര അതിർത്തിയിൽനിന്ന് 50 കിലോ മീറ്ററും സംസ്ഥാന അതിർത്തിയിൽനിന്ന് 25 കിലോ മീറ്ററും ദൂരത്തായിരിക്കണം കന്നുകാലി വിൽപന കേന്ദ്രങ്ങൾ.
വിജ്ഞാപനത്തിലെ വ്യവസ്ഥകളുടെ നടത്തിപ്പ് നിരീക്ഷിക്കാൻ കലക്ടർ ചെയർമാനായി ജില്ല മൃഗവിൽപന നിരീക്ഷണ സമിതി രൂപവത്കരിക്കണം. ചീഫ് വെറ്ററിനറി ഒാഫിസർ, ഡിവിഷനൽ ഫോറസ്റ്റ് ഒാഫിസർ, മൃഗസംരക്ഷണ സംഘടനകളുടെ രണ്ടു പ്രതിനിധികൾ തുടങ്ങിയവർ സമിതിയിൽ അംഗങ്ങളായിരിക്കും. യോഗം ചേരുേമ്പാൾ നാല് അംഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണം. ഇതിനു പുറമേ പ്രാദേശികതലത്തിലും സമിതി രൂപവത്കരിക്കണം. എല്ലാ വിൽപനകേന്ദ്രങ്ങളും നിർദേശങ്ങൾ പാലിച്ച് രജിസ്റ്റർ ചെയ്യണം. വിജ്ഞാപനത്തിലെ നിർദേശങ്ങൾ മൂന്നു മാസത്തിനകം പാലിക്കപ്പെടണം. അതനുസരിച്ചു വേണം തുടർന്നങ്ങോട്ട് കാലിച്ചന്തകൾ പ്രവർത്തിക്കാൻ. പുതുതായി ആരംഭിക്കുന്ന കാലിച്ചന്തകൾക്ക് പ്രാദേശിക കമ്മിറ്റിയുടെയും ജില്ലതല കമ്മിറ്റിയുടേയും അംഗീകാരവും വേണം. പരാതി ഉണ്ടായാൽ രജിസ്ട്രേഷൻ റദ്ദാക്കാൻ വകുപ്പുണ്ട്.
കാലി വിൽപന സംബന്ധിച്ച രേഖയുടെ പകർപ്പ് പ്രാദേശിക റവന്യൂ ഓഫിസ്, കന്നുകാലിയെ വാങ്ങിയ ആളുടെ പ്രദേശത്തെ മൃഗഡോക്ടർ, മൃഗവിപണന നിരീക്ഷണ സമിതി എന്നിവർക്ക് നൽകണം. വാങ്ങിയ ആളും വിറ്റയാളും പകർപ്പ് കൈവശം വെക്കണം. കന്നുകാലികളെ ചന്തയിൽ സൂക്ഷിക്കാൻ ഉടമസ്ഥൻ ഫീസ് നൽകണം. ചന്തയിൽ കന്നുകാലികളെ വാഹനങ്ങളിൽ കയറ്റുമ്പോഴും ഇറക്കുമ്പോഴും വെറ്ററിനറി ഇൻസ്പെക്ടറുടെ സാന്നിധ്യമുണ്ടാകണം എന്നിങ്ങനെ നീളുന്നതാണ് കർക്കശ നിബന്ധനകൾ. വ്യവസ്ഥ ലംഘിക്കുന്നതിനുള്ള പിഴ ബന്ധപ്പെട്ട സമിതികൾ തീരുമാനിക്കും.
വിലക്കുകൾ
- കന്നുകാലികളെ ഗർഭാവസ്ഥയിലോ രോഗാവസ്ഥയിലോ വിൽക്കരുത്.
- ഗർഭാവസ്ഥയിൽ മൃഗങ്ങളെ വാഹനത്തിൽ കൊണ്ടുപോകരുത്.
- മൃഗങ്ങളുടെ മേൽ ചാപ്പ കുത്തരുത്
- മൃഗങ്ങളുടെ കൊമ്പുകൾ കൂർപ്പിക്കുകയോ നിറം അടിക്കുകയോ ചെയ്യരുത്.
- പോത്തുകളുടെ ചെവി മുറിക്കുന്നതിനും കുതിരക്ക് ജീനിയിടുന്നതിനും വിലക്ക്
- വരണ്ട നിലങ്ങളിൽ പാർപ്പിക്കരുത്
- ഡോക്ടറുടെ നിർദേശമില്ലാതെ മരുന്ന് നൽകരുത്.
- മൃഗങ്ങളെക്കൊണ്ടുള്ള അഭ്യാസ പ്രകടനങ്ങൾക്കും വിലക്ക്
- മൃഗങ്ങളെ അലങ്കരിക്കാൻ ആഭരണം ധരിപ്പിക്കരുത്.
- ആഹാരം കഴിക്കാൻ വയ്യാത്ത വിധം വായിൽ ഉപകരണങ്ങൾ ഘടിപ്പിക്കരുത്
- കറവ വർധിപ്പിക്കാൻ ഓക്സിടോക്സിനുകൾ നൽകരുത്
- മൃഗങ്ങളിൽ പരമ്പരാഗത രീതിയിലുള്ള വന്ധ്യംകരണം ചെയ്യരുത്
- മൃഗങ്ങളുടെ വൃഷണത്തിനു ചുറ്റും കയർ കൊണ്ട് ബന്ധിക്കരുത്
- കത്തികൊണ്ടോ കമ്പി പഴുപ്പിച്ചോ മൃഗങ്ങൾക്ക് അടയാളമിടരുത്.
നിയന്ത്രണങ്ങൾ
- വിറ്റയാളുടെ സമ്മത പത്രമില്ലാതെ കന്നുകാലികളെ കാലിച്ചന്തയിൽ എത്തിക്കരുത്.
- കാലിച്ചന്തയിൽ കന്നുകാലി ഉടമയുടെ പേരും വിലാസവും തെളിയിക്കുന്ന ഫോട്ടോ സഹിതമുള്ള തിരിച്ചറിയൽ രേഖ ഹാജരാക്കണം
- കന്നുകാലിയുടെ തിരിച്ചറിയൽ രേഖകളും ഉണ്ടായിരിക്കണം.
- ചന്തയിലെത്തിച്ചത് കശാപ്പിനു വേണ്ടിയല്ലെന്നു വ്യക്തമാക്കുന്ന രേഖ ഉണ്ടാകണം.
- വിൽക്കുന്നതും വാങ്ങുന്നതും കാർഷിക ആവശ്യത്തിനു വേണ്ടിയാണെന്നും കശാപ്പിനല്ലെന്നും മൃഗനിരീക്ഷണ സമിതി ഉറപ്പു വരുത്തണം
- കന്നുകാലികളെ വാങ്ങുന്നയാൾ കർഷകനാണെന്നു തെളിയിക്കുന്നതിനും ആ വകയിലെ വരുമാനം തെളിയിക്കുന്നതിനുമുള്ള രേഖകൾ കമ്മിറ്റി പരിശോധിച്ചിരിക്കണം
- കന്നുകാലികളെ വാങ്ങി ആറു മാസത്തിനകം വിൽപന നടത്തരുത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.