നിരോധനത്തിന്റെ മറവിൽ വൻ വേട്ട; പോപുലർ ഫ്രണ്ട് അംഗങ്ങൾക്ക് യാത്രാനിരോധം, അക്കൗണ്ടുകൾ മരവിപ്പിക്കും
text_fieldsപോപുലർ ഫ്രണ്ടിനെ നിരോധിച്ച് മാത്രം കൈ കഴുകാനല്ല കേന്ദ്ര സർക്കാർ നീക്കം എന്ന് ഏകദേശം വ്യക്തമായി കഴിഞ്ഞു. നിരോധനത്തിന്റെ മറവിൽ വ്യാപക വേട്ടയാണ് സർക്കാർ ഉദ്ദേശിക്കുന്നത്. രാജ്യ സുരക്ഷാ ഭീഷണിയും തീവ്രവാദ ബന്ധങ്ങളും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ ബുധനാഴ്ച പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പി.എഫ്.ഐ) അതിന്റെ അനുബന്ധ സംഘടനകളെയും അഞ്ച് വർഷത്തേക്ക് നിരോധിച്ചത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (പ്രിവൻഷൻ) നിയമം (യു.എ.പിഎ) പ്രകാരം ആണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 30 ദിവസത്തിനകം നിരോധനവുമായി ബന്ധപ്പെട്ട വിജ്ഞാപനം യു.എ.പി.എ ട്രൈബ്യൂണലിന് കേന്ദ്രം അയക്കും.
ട്രൈബ്യൂണലാണ് അന്തിമ തീരുമാനം കൈക്കൊള്ളുക. പോപുലർ ഫ്രണ്ട് അംഗങ്ങൾക്കും അതിന്റെ സ്ഥാവര ജംഗമ വസ്തുക്കൾക്കും സ്വത്തുക്കൾക്കും എന്ത് സംഭവിക്കും എന്നത് കണ്ടറിയേണ്ട സംഗതിയാണ്. അതേസമയം, നിരോധനത്തിന്റെ മറവിൽ വ്യാപക വേട്ടക്ക് ഒരുങ്ങുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 'ഇന്ത്യ ടുഡേ' ഇത് സംബന്ധിച്ച് നൽകിയ റിപ്പോർട്ടിൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ തന്നെ ഉദ്ധരിച്ച് ഇത് ശരിവെക്കുന്നു.
സംഘടനയിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യുമെന്നും ഓഫീസുകൾ പൂർണമായും അടച്ചിടുമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോപാലകൃഷ്ണ പിള്ള 'ഇന്ത്യ ടുഡേ'യോട് പറഞ്ഞതായി അവർ റിപ്പോർട്ട് ചെയ്യുന്നു. പി.എഫ്.ഐയുടെയും അതുമായി ബന്ധപ്പെട്ട സംഘടനകളുടെയും ബാങ്ക് അക്കൗണ്ടുകളും ഉടൻ മരവിപ്പിക്കും. പി.എഫ്.ഐ അംഗങ്ങൾക്ക് സമ്പൂർണ യാത്രാ നിരോധനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമ നിർവ്വഹണ ഏജൻസികൾ കേസുകളുടെ അന്വേഷണം തുടരുകയും പി.എഫ്.ഐയുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.
രാജ്യത്തുടനീളമുള്ള കേന്ദ്ര ഏജൻസികൾക്കും സംസ്ഥാന പൊലീസും ചേർന്ന് ഓപറഷേൻ നടത്തും. ട്രൈബ്യൂണലിൽ വാദം ഉന്നയിക്കാൻ പി.എഫ്.ഐക്ക് അവസരം ലഭിക്കും. തുടർന്ന് ട്രൈബ്യൂണൽ നിരോധനം സ്ഥിരീകരിച്ച് ഉത്തരവിറക്കും. അല്ലെങ്കിൽ ഇരുവശത്തുനിന്നും വാദങ്ങളുടെ അടിസ്ഥാനത്തിൽ അത് റദ്ദാക്കും. ആറുമാസത്തിനകം മുഴുവൻ നടപടികളും പൂർത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.