‘ദി കശ്മീർ വാല’ക്ക് കേന്ദ്ര സർക്കാറിന്‍റെ വിലക്ക്; സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു
text_fieldsശ്രീനഗർ: ശ്രീനഗർ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വതന്ത്ര ന്യൂസ് പോർട്ടലിന്‍റെ പ്രവർത്തനങ്ങൾ ബ്ലോക്ക് ചെയ്ത് കേന്ദ്ര സർക്കാർ. ‘ദി കശ്മീർ വാല’ വെബ്സൈറ്റിന്‍റെയും സമൂഹ മാധ്യമ പേജുകളുടെയും പ്രവർത്തനം കേന്ദ്ര സർക്കാർ തടഞ്ഞതായി സ്ഥാപനം അറിയിച്ചു. സ്ഥാപക എഡിറ്റർ ഫഹദ് ഷാ യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിൽ കഴിയവെയാണ് പുതിയ സംഭവം.
ഔദ്യോഗികമായി നോട്ടീസോ മറ്റു അറിയിപ്പോ നൽകാതെ ആഗസ്റ്റ് 19 മുതലാണ് മാധ്യമ സ്ഥാപനത്തിന്‍റെ പ്രവർത്തനം നിരോധിച്ചത്. ഇതിനുപിന്നാലെ, സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിട ഉടമ എത്തി ഓഫീസിലെ ജീവനക്കാരെ ഒഴിപ്പിക്കാൻ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.
വെബ്സൈറ്റിന്‍റെ പ്രവർത്തനത്തിന് തടസ്സം നേരിട്ടതോടെ സർവീസ് പ്രൊവൈഡറോട് സ്ഥാപനം കാര്യമന്വേഷിക്കുകയായിരുന്നു. അപ്പോൾ മാത്രമാണ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കാര്യാലയം ഐ.ടി ആക്ട് ചുമത്തി വെബ്സൈറ്റ് ബ്ലോക്ക് ചെയ്തതായി അറിയാനായത് -ഇടക്കാല എഡിറ്റർ യശ് രാജ് ശർമ പ്രസ്താവനയിൽ പറഞ്ഞു.
ഇനി നമുക്ക് പറയാൻ ഒരുപാടൊന്നും ബാക്കിയില്ല. 2011 മുതൽ, അധികാരികളുടെ കനത്ത സമ്മർദത്തെ അഭിമുഖീകരിച്ചുകൊണ്ട്, ‘ദി കശ്മീർ വാല’ സ്വതന്ത്രവും വിശ്വസനീയവും ധീരവുമായ ശബ്ദമായി നിലകൊള്ളാൻ ശ്രമിച്ചു. അതേസമയം തന്നെ ഞങ്ങളെ മെല്ലെ മെല്ലെ അറുത്തുമുറിക്കുന്നതും ഞങ്ങൾ കണ്ടു. കശ്മീർ വാലയുടെ കഥ ഈ മേഖലയിലെ മാധ്യമസ്വാതന്ത്ര്യത്തിന്‍റെ ഉയർച്ചയുടെയും തകർച്ചയുടെയും കഥയാണ്... ഭാവി എന്തായിരിക്കുമെന്നതിനെക്കുറിച്ച്, ഞങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ പ്രോസസ്സ് ചെയ്തുകൊണ്ടിരിക്കുകയാണ്... -യശ് രാജ് ശർമ പറയുന്നു.
മാധ്യമസ്വാതന്ത്ര്യത്തിനും കശ്മീരിലെ അഭിപ്രായസ്വാതന്ത്ര്യത്തിനുമെതിരായ നീക്കമാണിതെന്ന് കുറ്റപ്പെടുത്തി മുതർന്ന മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും രംഗത്തുവന്നിട്ടുണ്ട്.
പുൽവാമ വെടിവെപ്പിനെക്കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ പേരിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും പിന്നാലെ അറസ്റ്റിലാകുകയുമായിരുന്നു ദി കശ്മീർ വാലയുടെ സ്ഥാപക എഡിറ്റർ ഫഹദ് ഷാ. സ്ഥാപനത്തിൽ ട്രെയ്നി റിപ്പോർട്ടറും ജേർണലിസം വിദ്യാർഥിയുമായിരുന്ന സജാദ് ഗുൽ എന്ന യുവാവും 2022 മുതൽ ജയിലിലാണ്. യു.എസ് കമീഷൻ ഫോർ ഇന്‍റർനാഷണൽ റിലീജ്യസ് ഫ്രീഡം അടക്കം നിരവധി അന്താരാഷ്ട്ര സംഘടനകൾ ഫഹദ് ഷായുടെ അറസ്റ്റിനെതിരെ രംഗത്തുവരികയും അദ്ദേഹത്തെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.