രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കേണ്ടതില്ല; കേന്ദ്രം സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: ഒറ്റപ്പെട്ട ദുരുപയോഗങ്ങളുടെ പേരിൽ രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. ആറു പതിറ്റാണ്ടായി പൊതുവെ ഗുണകരമായ നിയമമായി നിലനിൽക്കുന്ന ഒന്നാണിതെന്നും സൊളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ ബോധിപ്പിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124-എ വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് മാധ്യമ പ്രവർത്തകരും സംഘടനകളും രാഷ്ട്രീയ നേതാക്കളും നൽകിയ ഒരു കൂട്ടം ഹരജികളിൽ സുപ്രീംകോടതി ആവശ്യപ്പെട്ട പ്രകാരം നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
ബിഹാർ സർക്കാറും കേദാർനാഥ് സിങ്ങുമായുള്ള പഴയ കേസിൽ രാജ്യദ്രോഹ നിയമത്തിന്റെ വിവിധ വശങ്ങൾ വിശദമായി പരിശോധിച്ചു കഴിഞ്ഞതാണെന്നും, അക്കാലത്തെ സുപ്രീംകോടതി വിധി പൊതുവെ സ്വീകരിക്കപ്പെട്ടതായതിനാൽ പുനഃപരിശോധിക്കേണ്ടതില്ലെന്നും സൊളിസിറ്റർ ജനറൽ പറഞ്ഞു.
ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ മൂന്നംഗ പ്രത്യേക ബെഞ്ച് ഹരജികൾ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യുന്നതിൽ ആശങ്ക പ്രകടിപ്പിച്ച സുപ്രീംകോടതി, സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച നിയമത്തിലെ വ്യവസ്ഥ എന്തുകൊണ്ട് റദ്ദാക്കുന്നില്ലെന്ന് കഴിഞ്ഞ ജൂലൈയിൽ കേന്ദ്രത്തോട് ചോദിച്ചിരുന്നു.
ഹരജികൾ പരിശോധിക്കാൻ സമ്മതിച്ച കോടതി നിയമത്തിന്റെ ദുരുപയോഗം ആണ് തങ്ങളുടെ പ്രധാന ആശങ്കയെന്നും അന്ന് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.