ലോക സമാധാന സമ്മേളനം; മമത ബാനർജിയുടെ ഇറ്റലി യാത്രക്ക് അനുമതി നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം
text_fieldsകൊൽക്കത്ത: ഇറ്റലിയിൽ ഈ വർഷം ഒക്ടോബറിൽ നടക്കുന്ന ലോക സമാധാന സമ്മേളനത്തിൽ പങ്കെടുക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് അനുമതി നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രധാന്യം പരിപാടിക്കില്ലെന്ന് ചൂണ്ടിക്കാട്ടി 'രാഷ്ട്രീയമാനങ്ങൾ' നൽകിയാണ് അനുമതി നിഷേധിച്ചത്.
മദർ തെരേസയെ കേന്ദ്രീകരിച്ച് നടക്കുന്ന പരിപാടിയിൽ ജർമൻ ചാൻസലർ ആംഗല മെർക്കൽ, പോപ് ഫ്രാൻസിസ്, ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദ്രാഗി എന്നിവർ പങ്കെടുക്കും.
നേരത്തേ, ഇറ്റാലിയൻ സർക്കാർ മറ്റു പ്രതിനിധികളുമായി പരിപാടിയിൽ പങ്കെടുക്കാൻ എത്തരുതെന്ന് മമതയോട് നിർദേശിച്ചിരുന്നു. തുടർന്ന് ഇൻഡസ്ട്രി ഡെലിഗേഷൻ ക്ലിയറൻസിനും വിദേശകാര്യമന്ത്രാലയത്തിന്‍റെ അനുമതിക്കുമായി മമത ബാനർജി കേന്ദ്രത്തെ സമീപിക്കുകയായിരുന്നു.
അതേസമയം, കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചതിനെതിരെ തൃണമൂൽ വക്താവ് ദേബാൻഷു ഭട്ടാചാര്യ രംഗത്തെത്തി. 'കേന്ദ്രസർക്കാർ ദീദിക്ക് റോമിൽ പോകാൻ അനുമതി നിഷേധിച്ചു. നേരത്തേ ചൈന സന്ദർശനത്തിനും അനുമതി നൽകിയിരുന്നില്ല. അന്താരാഷ്ട്ര ബന്ധങ്ങളും ഇന്ത്യയുടെ താൽപര്യങ്ങളും കണക്കിലെടുത്ത് ആ തീരുമാനം ഞങ്ങൾ അംഗീകരിച്ചു. ഇപ്പോൾ ഇറ്റലി എന്തുകൊണ്ട് മോദി ജീ? താങ്കൾക്ക് ബംഗാളിനോടുള്ള പ്രശ്നമെന്താണ്?' -ഭട്ടാചാര്യ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.