പെഗസസ്: വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് കേന്ദ്രം; വിടാതെ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഇസ്രായേൽ സോഫ്റ്റ്വെയറായ െപഗസസ് ഉപയോഗിച്ച് ചാരവൃത്തി നടത്തിയോ എന്ന ചോദ്യത്തിന് ഉത്തരം പറയാതെ ഒഴിഞ്ഞുമാറിയ കേന്ദ്ര സർക്കാറിനെ വിടാതെ സുപ്രീംകോടതി. പെഗസസ് ഉപയോഗിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കി അനുബന്ധ സത്യവാങ്മുലം സമർപ്പിക്കാൻ സുപ്രീംകോടതി ഒരു ദിവസത്തെ സമയം കൂടി കേന്ദ്രത്തിന് നൽകി. ചാരവൃത്തിയിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
പെഗസസ് വിഷയത്തിൽ സ്ഥാപിത താൽപര്യത്തോടെ നടത്തുന്ന തെറ്റായ വാദഗതികൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാനുള്ള സന്നദ്ധത കേന്ദ്രം സത്യവാങ്മൂലത്തിൽ അറിയിച്ചു. എന്നാൽ, ഹരജിക്കാരുടെ ആരോപണങ്ങളെല്ലാം കേന്ദ്രം നിഷേധിച്ചു. െപഗസസ് ചാരവൃത്തി നടന്നോ എന്ന ചോദ്യത്തിൽനിന്ന് േകന്ദ്രം ഒഴിഞ്ഞുമാറുകയാണെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ ഒന്നടങ്കം വാദിച്ചു. വിഷയത്തിൽ വ്യക്തത വരുത്താൻ കേന്ദ്രം തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
കേവലം രണ്ട് പേജ് മാത്രമായിരുന്നു ഹരജിക്കാർക്കുള്ള മറുപടി സത്യവാങ്മൂലം. പെഗസസ് സാേങ്കതിക വിഷയമാണെന്നും പ്രത്യേക വൈദഗ്ധ്യം ലഭിച്ചവരെയാണ് അന്വേഷണത്തിന് വേണ്ടതെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചു. അതിനായി തങ്ങൾ നിഷ്പക്ഷമായ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും ഇതിൽ കൂടുതൽ സർക്കാറിന് സുതാര്യമാകാനോ നിഷ്പക്ഷമാകാനോ കഴിയില്ലെന്നും മേത്ത വ്യക്തമാക്കി. വിഷയം ദേശസുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നും സത്യവാങ്മൂലങ്ങളിലൂടെ മാത്രം അവതരിപ്പിക്കാൻ ലളിതമല്ലെന്നും മേത്ത വാദിച്ചു. പെഗസസ് സോഫ്റ്റ്വെയർ ഉപയോഗിച്ചില്ലെന്ന് കേന്ദ്രം ബോധിപ്പിച്ചാൽ ഹരജിക്കാർ, ഹരജികൾ പിൻവലിക്കുമോ എന്ന ചോദ്യവും മേത്ത ഉയർത്തി.
എന്നാൽ, കേന്ദ്രം ചാരവൃത്തി നടത്തിയോ എന്ന ചോദ്യത്തിനാണ് ഉത്തരം വേണ്ടതെന്ന് സിബൽ വാദിച്ചു. അല്ല എന്നാണ് ഉത്തരമെങ്കിൽ പിന്നെ ചാരവൃത്തി നടത്തിയ സർക്കാറിെൻറ സമിതി പറ്റില്ല. നടത്തിയിട്ടില്ലെങ്കിൽ പിന്നെ സമിതിയുടെ ആവശ്യവുമില്ലല്ലോ എന്നും സിബൽ പറഞ്ഞു.
രണ്ട് മണിക്കൂർ നീണ്ട വാദത്തിന് ശേഷം അനുബന്ധ സത്യവാങ്മൂലം സമർപ്പിക്കുന്നതിൽ വല്ല മനംമാറ്റവും കേന്ദ്രത്തിനുണ്ടായോ എന്ന് സുപ്രീംകോടതി മേത്തയോട് ആരാഞ്ഞു. കേന്ദ്രത്തിെൻറ മനസ്സ് മാറിയാൽ ചൊവ്വാഴ്ച കോടതിയെ അറിയിക്കാൻ ചീഫ് ജസ്റ്റിസ് എൻ.വി രമണ നിർദേശിച്ചു. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ സൂര്യകാന്ത്, അനിരുദ്ധ ബോസ് എന്നിവരാണ് ഹരജികളിൽ വാദം കേൾക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.