നാഗാലാന്റിൽ 14 യുവാക്കളെ വെടിവെച്ചുകൊന്ന സംഭവം: 30 സൈനികർക്കെതിരായ നിയമ നടപടിക്ക് കേന്ദ്രം അനുമതി നിഷേധിച്ചു
text_fieldsഗുവാഹത്തി: നാഗാലാന്റിൽ കലാപം അടിച്ചമർത്തുന്നതിനിടെ 14 യുവാക്കൾ സുരക്ഷാ സൈനികരുടെ വെടിയേറ്റ് മരിച്ച സംഭവത്തിൽ സൈനികർക്കെതിരായ വിചാരണ നടപടിക്ക് കേന്ദ്രാനുമതിയില്ല. 30 സൈനികർക്കെതിരായ നിയമ നടപടിക്കാണ് കേന്ദ്രം അനുമതി നിഷേധിച്ചത്.
നാഗാലാന്റ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം സമർപ്പിച്ച കുറ്റപ്പത്രത്തിൽ സൈനിക ഉദ്യോഗസ്ഥരുടെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രതിരോധ മന്ത്രാലയം ഈ 30 പേർക്കെതിരായ വിചാരണക്ക് അനുമതി നൽകിയില്ലെന്ന് നാഗാഗലാന്റ് പൊലീസ് പറഞ്ഞു.
സൈന്യത്തിന്റെ 21 പാരാ സ്പെഷ്യൽ ഫോഴസ് 2021 ഡിസംബർ നാലിന് മൺ ജില്ലയിലെ തിരു-ഓട്ടിങ്ങിലെ ഖനി തൊഴിലാളികളിൽ ആറ് പേരെ വെടിവെച്ച് കൊന്നു. ഖനിത്തൊഴിലാളികളുമായി പോകുന്ന പിക്കപ്പ് വാനിനു നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു. നക്സലുകളാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്നായിരുന്നു സൈന്യത്തിന്റെ അവകാശവാദം.
ഈ സംഭവത്തിൽ രോഷാകുലരായ പ്രദേശവാസികൾ സുരക്ഷാ സൈനികരുടെ രണ്ട് വാഹനങ്ങൾക്ക് തീയിട്ടു. ഇതോടെ സൈന്യം വീണ്ടും വെടിയുതിർക്കുകയും അതിൽ ഏഴ് ഗ്രാമവാസികളും ഒരു സൈനിക ഉദ്യോഗസ്ഥനും കൊല്ലപ്പെടുകയും ചെയ്തിരുന്നു. അടുത്ത ദിവസവും തുടർന്ന കലാപത്തിൽ ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു.
സംഭവം 2022 മാർച്ച് 24ന് നാഗാലാന്റ് പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷിക്കുകയും 30 സൈനികരെ കുറ്റക്കാരായി കണ്ടെത്തുകയും ചെയ്തിരുന്നു. 2022 മെയ് 30ന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അതിൽ 30 സൈനികരുടെ പേരുൾപ്പെട്ടിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്.
എന്നാൽ അഫ്സ്പ ഉൾപ്പെടയുള്ള നിയമങ്ങൾ നടപ്പാക്കാനുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെങ്കിൽ കേന്ദ്രനുമതി ലഭിക്കേണ്ടതുണ്ട്. അതാണ് ഇപ്പോൾ നിഷേധിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.