അന്താരാഷ്ട്ര വിമാന സർവിസുകൾ നാളെ മുതൽ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
text_fieldsന്യൂഡൽഹി: കോവിഡിനെ തുടർന്ന് രണ്ടു വർഷമായി നിർത്തിവെച്ച ഷെഡ്യൂൾഡ് അന്താരാഷ്ട്ര വിമാന സർവിസുകൾ ഞായറഴ്ച മുതൽ പുനരാരംഭിക്കും. കോവിഡ് കേസുകൾ കുറഞ്ഞതിനെ തുടർന്ന് വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെയാണ് സർവിസുകൾ പുനരാരംഭിക്കുന്നത്.
വ്യോമയാന മന്ത്രാലയത്തിന്‍റെ പുതിയ നിർദേശപ്രകാരം കാബിൻ ക്രൂ ജീവനക്കാർ പി.പി.ഇ കിറ്റുകൾ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ ധരിക്കേണ്ടതില്ല. ആവശ്യമെങ്കിൽ വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാർക്ക് യാത്രക്കാരെ പരിശോധിക്കാനും അനുമതി നൽകിയിട്ടുണ്ട്. മെഡിക്കൽ അടിയന്തര ആവശ്യങ്ങൾക്കായി അന്താരാഷ്ട്ര വിമാനങ്ങളിൽ മൂന്നു സീറ്റുകൾ ഒഴിച്ചിടണമെന്ന നിർദേശവും പിൻവലിച്ചു. കോവിഡ് കേസുകൾ കുറയുകയും വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം വർധിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ വ്യോമമേഖലയുടെ പ്രവർത്തനം സുഖമമാക്കുന്നതിനാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്.
അതേസമയം, മാസ്ക്ക് ധരിക്കലും കൈകൾ അണുമുക്തമാക്കലും കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ജനുവരിയിലെ ഒമിക്രോൺ തിരിച്ചടിയിൽനിന്ന് വ്യോമയാന മേഖല തിരിച്ചുവരവിന്‍റെ പാതയിലാണ്. ഫെബ്രുവരിയിൽ അഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ 20 ശതമാനത്തിന്‍റെ വർധന രേഖപ്പെടുത്തി. 76.96 ലക്ഷം യാത്രക്കാർ. 2020 മാർച്ച് 23നാണ് ഇന്ത്യ ഷെഡ്യൂൾഡ് അന്താരാഷ്ട്ര വിമാന സർവിസ് നിർത്തിവെച്ചത്.
കഴിഞ്ഞവർഷം ജൂലൈയിൽ 37 രാജ്യങ്ങളുമായുണ്ടാക്കിയ കരാർ പ്രകാരം എയർ ബബ്ൾ അടിസ്ഥാനത്തിൽ ഇവിടങ്ങളിലേക്ക് സർവിസുകൾ ആരംഭിച്ചിരുന്നു. പിന്നാലെ ഒക്ടോബർ 18ന് പൂർണതോതിൽ ആഭ്യന്തര സർവിസിനും അനുമതി നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.