ദലൈലാമക്ക് ഇനി ഇസഡ് കാറ്റഗറി സുരക്ഷ; ഉത്തരവിറക്കി കേന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി: തിബത്തൻ ജനതയുടെ ആത്മീയ നേതാവായ ദലൈലാമയുടെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. സെൻട്രൽ റിസർവ് പൊലീസ് സേനയുടെ (സി.ആർ.പി.എഫ്) ഇസഡ് കാറ്റഗറി സുരക്ഷാ സംവിധാനമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയത്. ദലൈലാമക്ക് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നടപടി.
ദലൈലാമക്ക് ഹിമാചൽ പ്രദേശ് പൊലീസും മറ്റ് സുരക്ഷാ ഏജൻസികളുമാണ് മുമ്പ് സുരക്ഷ നൽകിയിരുന്നത്. ആത്മീയ നേതാവായ ദലൈലാമ ചൈനീസ് അധിനിവേശത്തെ തുടർന്ന് 1959 മുതൽ ഇന്ത്യയിലാണുള്ളത്. ഹിമാചൽ പ്രദേശിലെ ധരംശാലയിലാണ് ദലൈലാമയും അനുയായികളും കഴിയുന്നത്.
2022 ഡിസംബറിൽ ബിഹാറിലെ ബോധ്ഗയയിൽ നടന്ന പൊതുപ്രഭാഷണത്തോട് അനുബന്ധിച്ച് ദലൈലാമയുടെ സുരക്ഷ കർശനമാക്കിയിരുന്നു. ചൈനീസ് വനിതയെ സംശയാസ്പദമായ സാഹചര്യത്തിൽ ബോധ് ഗയയിൽ കണ്ടെത്തിയെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നായിരുന്നു പരിശോധന കർശനമാക്കിയത്.
ബോധ്ഗയയിൽ താമസിക്കുന്ന ചൈനീസ് വനിതയെ കുറിച്ചുള്ള വിവരങ്ങൾ പ്രാദേശിക പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സീനിയർ പൊലീസ് സൂപ്രണ്ട് ഹർപ്രീത് കൗർ അന്ന് പറഞ്ഞത്. ചൈനീസ് ചാര വനിതയാകാമെന്ന സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സോങ് സിയോലൻ എന്ന സ്ത്രീയുടെ രേഖാചിത്രം പൊലീസ് തയാറാക്കുകയും സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
എല്ലാ വർഷവും ബിഹാറിലെ ബോധ് ഗയ സന്ദർശിക്കാറുള്ള ദലൈലാമ, മൂന്നു ദിവസത്തെ സന്ദർശനത്തിനാണ് 2022 ഡിസംബറിൽ എത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.