രാജ്യത്തെ പുതിയ സൈനിക് സ്കൂളുകളിൽ ഭൂരിഭാഗവും സംഘ്പരിവാർ ബന്ധമുള്ളവർക്ക്
text_fieldsന്യൂഡൽഹി: രാജ്യത്ത് പുതിയതായി ആരംഭിച്ച സൈനിക് സ്കൂളുകളിൽ 62 ശതമാനവും സംഘ്പരിവാർ-ബി.ജെ.പി ബന്ധമുള്ളവർക്കും സഖ്യകക്ഷികൾക്കും അനുവദിച്ചതായി കണ്ടെത്തൽ. സ്വതന്ത്ര മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ‘ദ റിപ്പോർട്ടേഴ്സ് കലക്ടിവ്’ ആണ് ഇക്കാര്യം പുറത്തുവിട്ടത്.
2021ലാണ് സൈനിക് സ്കൂളുകൾ ആരംഭിക്കാൻ കേന്ദ്ര സർക്കാർ സ്വകാര്യ മേഖലയിൽനിന്നുള്ളവർക്ക് അനുവാദം നൽകിയത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സൈനിക് സ്കൂളുകൾ ആരംഭിക്കാമെന്നായിരുന്നു വ്യവസ്ഥ. രാജ്യത്തുടനീളം 100 പുതിയ സൈനിക് സ്കൂളുകൾ ആരംഭിക്കുമെന്ന് ആ വർഷത്തെ ബജറ്റിൽ വാഗ്ദാനവും നൽകി.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനുകീഴിലെ സ്വയംഭരണാധികാരമുള്ള സ്ഥാപനമായ സൈനിക് സ്കൂൾ സൊസൈറ്റിക്കാണ് (എസ്.എസ്.എസ്) സൈനിക് സ്കൂളുകളുടെ ചുമതല. എസ്.എസ്.എസിന്റെ മാനദണ്ഡങ്ങൾ അനുസരിക്കുന്ന ഏത് സ്കൂളിനും സൈനിക് സ്കൂളായി മാറാനുള്ള അനുമതി തേടാം. ഭൂമി, ഭൗതിക സൗകര്യങ്ങൾ, വിവരസാങ്കേതിക സൗകര്യങ്ങൾ, സാമ്പത്തിക സ്രോതസ്സ്, ജീവനക്കാർ തുടങ്ങിയവയുള്ള സ്വകാര്യ സ്കൂളുകൾ സൈനിക് സ്കൂളുകളായി മാറാൻ യോഗ്യതയുള്ളവയാണ്. ഇതുവഴിയാണ് സംഘ്പരിവാർ സ്ഥാപനങ്ങളും സംഘ്പരിവാർ ബന്ധമുള്ളവരുടെ സ്ഥാപനങ്ങളും വലിയ തോതിൽ സൈനിക സ്കൂളുകളായി മാറിയത്.
സൈനിക് സ്കൂളുകളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിലെയും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലെയും വിവരങ്ങൾ ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് ‘ദ റിപ്പോർട്ടേഴ്സ് കലക്ടിവി’ന്റെ റിപ്പോർട്ടിൽ പറയുന്നു. സൈനിക് സ്കൂൾ സൊസൈറ്റിയുമായി ഇതുവരെ ധാരണപത്രം ഒപ്പിട്ട 40 സൈനിക് സ്കൂളുകളിൽ 62 ശതമാനവും ആർ.എസ്.എസുമായോ അതിന്റെ ഉപസംഘടനകളുമായോ ബി.ജെ.പി നേതാക്കളുമായോ സഖ്യകക്ഷികളുമായോ ബന്ധമുള്ളവയാണ്. ഹിന്ദുത്വ സംഘടനകളുടെയും ഹിന്ദുത്വ നേതാക്കളുടെയും സ്കൂളുകളും ഇതിൽ ഉൾപ്പെടുന്നു. അതേസമയം, ഇവയിൽ ഒന്നുപോലും മുസ്ലിം, ക്രിസ്ത്യൻ മതസംഘടനകളുമായോ മറ്റ് ന്യൂനപക്ഷ സംഘടനകളുമായോ ബന്ധമുള്ള സ്കൂളുകളല്ല.
കേരളത്തിൽ എറണാകുളത്തെ ശ്രീ ശാരദ വിദ്യാലയമാണ് പുതിയ സൈനിക് സ്കൂൾ പദവി ലഭിച്ച വിദ്യാലയം. ഹിന്ദു മതസംഘടനയായ ആദിശങ്കര ട്രസ്റ്റാണ് സ്കൂളിന്റെ നടത്തിപ്പുകാർ.
അരുണാചൽ പ്രദേശിലെ തവാങ് പബ്ലിക്ക് സ്കൂൾ സംസ്ഥാനത്തെ ഒരേയൊരു സൈനിക സ്കൂളാണ്. മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ പേമ ഖണ്ഡുവിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂൾ. പേമ ഖണ്ഡു സ്കൂൾ ചെയർമാനും സഹോദരനും ബി.ജെ.പി എം.എൽ.എയുമായ സെരിങ് താഷി മാനേജിങ് ഡയറക്ടറുമാണ്.
ഗുജറാത്തിലെ സൈനിക സ്കൂളായ മോത്തിഭായി ആർ. ചൗധരി സാഗർ സൈനിക സ്കൂൾ മുൻ ബി.ജെ.പി ജനറൽ സെക്രട്ടറി അശോക് കുമാർ ഭവ്സംഗ്ഭായിയുമായി ബന്ധമുള്ളതാണ്. കഴിഞ്ഞ വർഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സ്കൂളിന് തറക്കല്ലിട്ടത്. ഗുജറാത്തിലെ തന്നെ ബനാസ് സൈനിക് സ്കൂൾ ഗൽഭാബായി നാൻജിബായി ചാരിറ്റബിൾ സൊസൈറ്റിക്ക് കീഴിൽ. ഗുജറാത്ത് നിയമസഭ സ്പീക്കറും ബി.ജെ.പി നേതാവുമായ ശങ്കർ ചൗധരിയാണ് സൊസൈറ്റിക്ക് നേതൃത്വം നൽകുന്നത്.
ആന്ധ്രപ്രദേശ് നെല്ലൂരിലെ അദാനി വേൾഡ് സ്കൂളും സൈനിക് സ്കൂളായി അഫിലിയേറ്റ് ചെയ്തു. അദാനി കമ്യൂണിറ്റി എംപവർമെന്റ് ഫൗണ്ടേഷന് കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
ആർ.എസ്.എസിനുകീഴിലെ വിദ്യാഭ്യാസ സംഘടനയായ വിദ്യാഭാരതിക്ക് ഏഴ് സൈനിക് സ്കൂളുകളാണുള്ളത്. മൂന്നെണ്ണം ബിഹാറിലും ഓരോന്നുവീതം മധ്യപ്രദേശ്, പഞ്ചാബ്, കേരളം, ദാദ്ര നാഗർ ഹവേലി എന്നിവിടങ്ങളിലും.
ആർ.എസ്.എസിനുകീഴിലെ മറ്റൊരു സംഘടനയായ രാഷ്ട്രീയ സേവാഭാരതിയാണ് ഹോസംഗബാദിലെ സരസ്വതി ഗ്രാമോദയ് ഹയർ സെക്കൻഡറി സ്കൂൾ നടത്തിപ്പ്. ഇതിനും സൈനിക് സ്കൂളായി അനുമതി ലഭിച്ചിട്ടുണ്ട്.
സെൻട്രൽ ഹിന്ദു മിലിറ്ററി എജുക്കേഷൻ സൊസൈറ്റിക്കുകീഴിൽ നാഗ്പുരിൽ പ്രവർത്തിക്കുന്ന ഭോൻസാല മിലിറ്ററി സ്കൂളിനും സൈനിക സ്കൂൾ പദവി. 2006ലെ നന്ദേഡ് ബോംബ് സ്ഫോടനം, 2008ലെ മാലേഗാവ് സ്ഫോടനം എന്നീ കേസുകളിലെ പ്രതികൾക്ക് ഭോൻസാല മിലിറ്ററി സ്കൂളിൽനിന്ന് പരിശീലനം ലഭിച്ചിരുന്നുവെന്ന ആരോപണം മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന അന്വേഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.