കർഷകർക്ക് പിന്തുണയുമായി കേന്ദ്രത്തിനെതിരെ 30 മുതൽ അണ്ണാ ഹസാരെയുടെ നിരാഹാര സമരം
text_fieldsന്യൂഡൽഹി: കർഷകർക്ക് പിന്തുണയുമായി കേന്ദ്ര സർക്കാറിനെതിരെ നിരഹാര സമരം ആരംഭിക്കാനൊരുങ്ങി സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. ജനുവരി 30 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കും.
കർഷകർക്ക് വേണ്ടിയുള്ള തന്‍റെ നിർദേശങ്ങൾ കേന്ദ്രം തള്ളിയതിനെ തുടർന്നാണ് നിരാഹാര സമരത്തിനിറങ്ങുന്നത്. കഴിഞ്ഞ നാലുവർഷമായി കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിനായി പ്രവർത്തിക്കുകയാണെന്ന് 83കാരനായ അണ്ണാ ഹസാരെ പറഞ്ഞു. മൂന്നുമാസത്തിനുള്ളിൽ പ്രധാനമന്ത്രിക്കും കേന്ദ്ര കൃഷിമന്ത്രിക്കും അഞ്ചുതവണ കർഷകർക്കായി കത്തെഴുതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'കർഷകരുടെ പ്രശ്നത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്രം തയാറായില്ല. കർഷകരുടെ അവസ്ഥ മനസിലാക്കാൻ കേന്ദ്രം തയാറാകുന്നില്ല. അതിനാൽ, ജനുവരി 30 മുതൽ റലേഗൻ സിദ്ധിയിലെ യാദവ്ബാവ ക്ഷേത്രത്തിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും' -അണ്ണാ ഹസാരെ പ്രഖ്യാപിച്ചു.
സ്വാമിനാഥൻ കമ്മീഷൻ ശിപാർശകൾ നടപ്പാക്കണമെന്ന ആവശ്യവും അണ്ണാ ഹസാരെ ഉന്നയിച്ചു. കർഷകർ ഇപ്പോഴും ആത്മഹത്യ ചെയ്യുന്നു. അവരുടെ വിളകൾക്ക് കൃത്യമായ വില ലഭിക്കാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
അക്രമരഹിതമായ പ്രതിഷേധമാണ് ആവശ്യമെന്ന് കൂട്ടിച്ചേർത്ത ഹസാരെ റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെയുണ്ടായ അക്രമ സംഭവങ്ങൾ ദൗർഭാഗ്യകരമാണെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.