ഭൂമിയേറ്റെടുക്കലിൽ പ്രതിസന്ധി; ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ പ്രതീക്ഷിച്ച സമയത്ത് ഓടില്ല
text_fieldsന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിന്റെ അഭിമാന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പ്രതീക്ഷിച്ച സമയത്ത് പൂർത്തിയാകില്ലെന്ന് സൂചന. വിവരവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങൾ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പദ്ധതിയുടെ 17 ശതമാനം പ്രവർത്തനങ്ങൾ മാത്രമാണ് ഇതുവരെ പൂർത്തിയായത്. ഈ രീതിയിലാണ് പദ്ധതി മുന്നോട്ട് പോവുന്നതെങ്കിൽ 2023ൽ ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ ഓടില്ലെന്നാണ് സൂചന.
നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. കോവിഡും ഭൂമിയേറ്റടുക്കലിലെ പ്രതിസന്ധിയുമാണ് പദ്ധതി വൈകാൻ കാരണമെന്ന് എൻ.എച്ച്.എസ്.ആർ.സി.എൽ വിശദീകരിച്ചു.
ഫെബ്രുവരി ഒന്ന് വരെ പദ്ധതിയുടെ 17 ശതമാനം മാത്രമാണ് പൂർത്തിയായത്. 2023ൽ പദ്ധതി പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. പദ്ധതിക്കായി 1396 ഹെക്ടർ സ്ഥലമാണ് ആവശ്യമുള്ളത്. ഇതിൽ 1,196 ഹെക്ടറാണ് ഏറ്റെടുത്തത്. പദ്ധതിക്കാവശ്യമായ സ്ഥലത്തിന്റെ 86 ശതമാനം ഏറ്റെടുത്തിട്ടുണ്ട്. ഇനി 200 ഹെക്ടർ കൂടി ഏറ്റെടുക്കണം.
2020 ഡിസംബറിൽ 891 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. ഒരു വർഷം കൊണ്ട് 305 ഹെക്ടർ ഭൂമി മാത്രമാണ് പദ്ധതിക്കായി ഏറ്റെടുക്കാൻ കഴിഞ്ഞത്. 1.8 ലക്ഷം കോടിയാണ് പദ്ധതിയുടെ പ്രതീക്ഷിത ചെലവ്. പദ്ധതി വൈകുന്ന സാഹചര്യത്തിൽ ചെലവ് പുനർനിശ്ചയിക്കുമെന്നും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.