'ഡൽഹിയെ സമ്പൂർണ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാൻ ബി.ജെ.പി ശ്രമിക്കുന്നു'- അരവിന്ദ് കെജ്‌രിവാൾ
text_fieldsന്യൂഡൽഹി: ഡൽഹിയെ സമ്പൂർണ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാൻ ബി.ജെ.പി ആലോചിക്കുന്നതായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. ഡൽഹി നിയമസഭയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
ഡൽഹി അസംബ്ലി പിരിച്ചു വിട്ട് സംസ്ഥാനത്തെ സമ്പൂർണ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റാനുള്ള ആലോചനകൾ ബി.ജെ.പി നടത്തുന്നുണ്ടെന്ന് കെജ്‌രിവാൾ പറഞ്ഞു. ഇങ്ങനെ സംഭവിച്ചാൽ സംസ്ഥാനത്ത് ഇനിയൊരു തെരഞ്ഞെടുപ്പുണ്ടാകില്ല. കെജ്‌രിവാളിനെ വെറുക്കുന്നതിലൂടെ നിങ്ങൾ രാജ്യത്തെ തന്നെ വെറുത്ത് തുടങ്ങിയെന്നും സഭയിൽ ബി.ജെ.പി എം.എൽ.എമാരെ ലക്ഷ്യമിട്ട് കെജ്‌രിവാൾ പറഞ്ഞു.
'ബി.ജെ.പി നേതൃത്വം ആം ആദ്മി പാർട്ടിയെ ഭയപ്പെടുന്നതിനാലാണ് അവർ തെരഞ്ഞെടുപ്പ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. കെജ്‌രിവാളല്ല രാജ്യമാണ് പ്രധാനം. എ.എ.പിയെ പേടിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് നിർത്തിയാൽ ഭരണഘടന തകർന്ന് രാജ്യം എന്നന്നേക്കുമായി അവസാനിക്കും'- കെജ്‌രിവാൾ പറഞ്ഞു.
ഡൽഹിയെ സമ്പൂർണ കേന്ദ്ര ഭരണ പ്രദേശമാക്കുമെന്നും നിയമസഭ പിരിച്ചുവിടുമെന്നുമാണ് മുതിർന്ന ബി.ജെ.പി നേതാക്കൾ പറയുന്നത്. എന്നാൽ ഇങ്ങനെ സംഭവിച്ചാൽ ഡൽഹിയിലെ പൊതുജനങ്ങൾ നിശബ്ദരായി ഇരിക്കില്ല. ഇതിനെതിരെ ജനങ്ങൾ തെരുവിലിറങ്ങുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം എ.എ.പിയെ ഭയക്കുന്നതിനാലാണ് തങ്ങളുടെ നേതാക്കളെ ഇ.ഡിയുൾപ്പടെയുള്ളവർ വേട്ടയാടുന്നതെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.