സ്ത്രീകള്‍ക്കെതിരായ അതിക്രമം: പരാതി കിട്ടിയാലുടന്‍ കേസ് രജിസ്റ്റർ ചെയ്യണം; വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയെന്ന് കേന്ദ്രസർക്കാർ
text_fieldsന്യൂഡല്‍ഹി: ഹാഥറസ് സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് ശക്തമായ നടപടി സ്വീകരണക്കമെന്ന നിർദേശവുമായി കേന്ദ്രസർക്കാർ. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളില്‍ പരാതി കിട്ടിയാലുടന്‍ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും പൊലീസ് സ്റ്റേഷെൻറ അധികാര പരിധിയിൽ പെടാത്ത കുറ്റകൃത്യമാണെങ്കിൽ പോലും സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾ അയച്ച കത്തിൽ പറയുന്നു.
സ്ത്രീകളുടെ പരാതിയിന്മേല്‍ രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം. സ്റ്റേഷനിൽ അറിയാവുന്ന കുറ്റകൃത്യമാണ് നടന്നതെങ്കിൽ പരാതി നൽകാതെ തന്നെ കേസെടുക്കണമെന്നും നിർദേശമുണ്ട്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ രൂപീകരിച്ചിട്ടുള്ള നിയമങ്ങള്‍ ക്രോഡീകരിച്ചുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ചിട്ടുള്ളത്. പീഡനശ്രമം അടക്കം സ്ത്രീകള്‍ക്കെതിരായ ഏതെങ്കിലും തരത്തിലുള്ള പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം. ഇതില്‍ യാതൊരു തരത്തിലുള്ള വീഴചയും വരുത്താന്‍ പാടുള്ളതല്ല. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയാല്‍ അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
ഇരകളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ കേസ് ഫയൽ ചെയ്ത് അന്വേഷണം നടത്തണം. ഇത്തരം കേസുകളില്‍ അന്വേഷണത്തിന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിൻെറ സഹായം വേണമെങ്കില്‍, അതിനായി സജ്ജമാക്കിയ പോര്‍ട്ടല്‍ (ഐ.ടി.എസ്.എസ്.ഒ) വഴി സഹായം തേടാവുന്നതാണ്.
മറ്റു സംസ്ഥാനങ്ങളിലെ പൊലീസിൻെറ സഹായം വേണമെങ്കില്‍ അതും തേടാവുന്നതാണ്. തെളിവു ശേഖരണത്തില്‍ കൃത്യവും ശാസ്ത്രീയവുമായ മാനദണ്ഡങ്ങള്‍ പാലിക്കണം. അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം പ്രതികള്‍ രക്ഷപ്പെടുന്ന അവസ്ഥ ഉണ്ടാകരുത്. നിയമത്തിൻെറ പഴുതുകളിലൂടെ പ്രതി രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണം.
ബലാത്സംഗം, അതിക്രമിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ കേസുകളിൽ വിവരം ലഭിച്ചാല്‍ 24 മണിക്കൂറിനകം ഇരകളെ വൈദ്യപരിശോധനക്ക് വിധേയരാക്കുകയും മെഡിക്കല്‍ റിപ്പോര്‍ട്ട് തേടേണ്ടതുമാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമ പരാതികളിലെ നടപടികള്‍ സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്ന് മേലധികാരികള്‍ ഉറപ്പുവരുത്തേണ്ടതാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്തില്‍ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.