അവിവാഹിതകൾക്ക് എൻ.ഡി.എ, നേവൽ അക്കാദമിയിലേക്ക് അപേക്ഷിക്കാം –യു.പി.എസ്.സി
text_fieldsന്യൂഡൽഹി: നാഷനൽ ഡിഫൻസ് അക്കാദമി(എൻ.ഡി.എ)യിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള പരീക്ഷക്ക് അവിവാഹിതകൾക്ക് അപേക്ഷിക്കാമെന്ന് യു.പി.എസ്.സി. ഈ വിഷയത്തിൽ കഴിഞ്ഞ മാസമുണ്ടായ സുപ്രീംകോടതി നിർദേശത്തിന് പിന്നാലെയാണ് യു.പി.എസ്.സി തീരുമാനം.
ദേശീയത, പ്രായം, വിദ്യാഭ്യാസ യോഗ്യത മാനദണ്ഡങ്ങൾ വെച്ച് അവിവാഹിതരായ വനിത ഉദ്യോഗാർഥികൾക്ക് മാത്രം അപേക്ഷിക്കാനാവുംവിധം upsconline.nic.inൽ സൗകര്യം ഒരുക്കും. ശാരീരിക മാനദണ്ഡങ്ങളും വനിത ഉദ്യോഗാർഥികളുടെ ഒഴിവുകളുടെ എണ്ണവും പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് ലഭിച്ച ശേഷം അറിയിക്കും. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ എട്ടുവരെ (വൈകീട്ട് ആറു മണി വരെ) വനിത അപേക്ഷകർക്കായി ആപ്ലിക്കേഷൻ വിൻഡോ തുറന്നിരിക്കും. വനിത അപേക്ഷകർ ഫീസ് നൽകേണ്ട. പരീക്ഷ നവംബർ 14ന് നടക്കും.
ലിംഗസമത്വത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പെന്ന നിലയിൽ ദേശീയ പ്രതിരോധ അക്കാദമിയിൽ യോഗ്യരായ സ്ത്രീകൾക്ക് പ്രവേശനം നേടുന്നതിന് ആഗസ്റ്റ്18ന് സുപ്രീംകോടതി അനുമതി നൽകിയിരുന്നു. ദേശീയ പ്രതിരോധ അക്കാദമിയിലേക്കും നാവിക അക്കാദമിയിലേക്കും ഉള്ള പരീക്ഷയിലും വനിത ഉദ്യോഗാർഥികളെ അനുവദിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കുഷ് കൽറ നൽകിയ ഹരജിയിലാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, ഋഷികേശ് റോയ് എന്നിവരുടെ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.