പൗരത്വത്തിൽ ഉരുണ്ടുകളി; മോദിസർക്കാറിന്റെ പൗരത്വ ഭേദഗതി നിയമവുമായി പുതിയ വിജ്ഞാപനത്തിന് ബന്ധമില്ലെന്ന്
text_fieldsന്യൂഡൽഹി: പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലെത്തിയ മുസ്ലിംകളല്ലാത്ത അഭയാർഥികൾക്ക് പൗരത്വം അനുവദിക്കാൻ അപേക്ഷ ക്ഷണിച്ചതിനു പിന്നാലെ, വിശദീകരണവുമായി കേന്ദ്രസർക്കാർ. 2019ൽ പാസാക്കിയ പൗരത്വ ഭേദഗതി നിയമവുമായി ഇതിന് ഒരു ബന്ധവുമില്ലെന്നാണ് വിശദീകരണം. ഈ നിയമഭേദഗതി അനുസരിച്ചുള്ള ചട്ടങ്ങൾ ഇനിയും തയാറാക്കിയിട്ടില്ല. പൗരത്വ നിയമ പ്രകാരം 10 വർഷം മുമ്പ്, 2009ൽ ഇറക്കിയ ചട്ടങ്ങൾക്ക് അനുസൃതമായാണ് ആഭ്യന്തരമന്ത്രാലയത്തിെൻറ കഴിഞ്ഞ ദിവസത്തെ വിജ്ഞാപനം. അതേസമയം, പുതിയ നിയമഭേദഗതി പ്രകാരം ചട്ടങ്ങൾ രൂപപ്പെടുത്തുന്നതിനിടയിൽ പഴയ ചട്ടപ്രകാരം പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചതിെൻറ കാരണം വിശദീകരിച്ചിട്ടില്ല.
ചുരുങ്ങിയത് 11 വർഷമായി ഇന്ത്യയിൽ താമസിക്കുന്നവർക്ക് മാത്രമാണ് ഇപ്പോൾ ഇറക്കിയ വിജ്ഞാപന പ്രകാരം പൗരത്വം അനുവദിക്കുക. മോദിസർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിൽ ഈ കാലാവധി അഞ്ചു വർഷമായി ചുരുക്കിയിരുന്നു. 2014 ഡിസംബർ 31നകം ഇന്ത്യയിൽ കുടിയേറിയ, മൂന്ന് അയൽപക്ക രാജ്യങ്ങളിലെ മുസ്ലിംകളല്ലാത്തവർക്കാണ് ഇതനുസരിച്ച് പൗരത്വം നൽകുക.
ഇപ്പോഴത്തെ പോലെ 2016ലും പൗരത്വം നൽകാൻ കേന്ദ്രസർക്കാർ അപേക്ഷ ക്ഷണിച്ചിരുന്നതായി ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഡൽഹി, യു.പി, രാജസ്ഥാൻ, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിലെ 16 ജില്ലകളിൽ കഴിയുന്ന മുസ്ലിം ഇതര അഫ്ഗാൻ, പാക്, ബംഗ്ലാദേശ് അഭയാർഥികളിൽനിന്നാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷയിന്മേൽ തുടർനടപടി സ്വീകരിക്കാൻ ഈ ഏഴു സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാർക്കും ബന്ധപ്പെട്ട ജില്ല കലക്ടർമാർക്കും രണ്ടു വർഷത്തേക്ക് ആഭ്യന്തരമന്ത്രാലയം അനുമതി നൽകിയിരുന്നു.
2018ൽ ഈ വിജ്ഞാപനം മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അനിശ്ചിത കാലത്തേക്ക് പുതുക്കി. കഴിഞ്ഞദിവസത്തെ വിജ്ഞാപനത്തോടെ, ഒമ്പതു സംസ്ഥാനങ്ങളിലായി 29 ജില്ലകളിൽ പെട്ടവർക്ക് പൗരത്വത്തിന് അപേക്ഷിക്കാൻ സൗകര്യമാകും.
അപേക്ഷ പരിശോധിച്ച് കലക്ടർ ജില്ല തലത്തിലും ആഭ്യന്തര സെക്രട്ടറി സംസ്ഥാന തലത്തിലും തുടർനടപടി സ്വീകരിക്കണം. അപേക്ഷകെൻറ അർഹത സംബന്ധിച്ച വിവിധ ഏജൻസികളുടെ അന്വേഷണങ്ങൾ ഇവർ മുഖേനയാണ് നടത്തുക.
അപേക്ഷയും റിപ്പോർട്ടുകളും ഓൺലൈൻ സംവിധാനം വഴി കേന്ദ്രത്തിനും ലഭ്യമാകും. അപേക്ഷകൻ അർഹനാണെന്ന് കലക്ടർക്കും സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കും ബോധ്യപ്പെട്ടാൽ പൗരത്വം അനുവദിക്കും. ഇതിെൻറ സർട്ടിഫിക്കറ്റ് ഓൺലൈൻ പോർട്ടലിൽ നിന്ന് പ്രിൻറ് ചെയ്ത് കലക്ടറോ ആഭ്യന്തര സെക്രട്ടറിയോ ഒപ്പുവെച്ച് നൽകും. ചട്ടപ്രകാരമുള്ള രജിസ്റ്റർ അവർ സൂക്ഷിക്കണം. രജിസ്ട്രേഷൻ നടത്തി ഏഴു ദിവസത്തിനകം കേന്ദ്രത്തിന് പകർപ്പ് നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.