കൻവാർ യാത്ര: മതത്തേക്കാൾ വലുത് ആരോഗ്യം; തീരുമാനം പുനഃപരിശോധിക്കണമെന്ന് യു.പിയോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കൻവാർ തീർഥയാത്രക്ക് അനുമതി നൽകാൻ വിസമ്മതിച്ച് സുപ്രീംകോടതി. മതവികാരത്തേക്കാൾ വലുത് പൊതുജനങ്ങളുടെ ആരോഗ്യമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. യു.പി സർക്കാറിനോട് ഇക്കാര്യത്തിൽ പുനഃപരിശോധന നടത്താനും കോടതി നിർദേശം നൽകി. തിങ്കളാഴ്ച കൻവാർ യാത്രയിൽ യു.പി സർക്കാർ തീരുമാനം അറിയിക്കണം.
കൻവാർ യാത്ര നടത്താനുള്ള യു.പി സർക്കാർ തീരുമാനത്തിനെതിരെ കേന്ദ്രസർക്കാറും രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ച സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കൻവാർ യാത്രക്കെതിരെ കേന്ദ്രസർക്കാർ നിലപാടെടുത്തത്. വിശ്വാസികൾക്ക് സമീപത്തെ ക്ഷേത്രങ്ങളിൽ ഗംഗാജലം എത്തിച്ച് നൽകണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചു.
സംസ്ഥാന സർക്കാറുകൾ കൻവാർ യാത്രക്ക് അനുമതി നൽകരുത്. ഹരിദ്വാറിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് ഗംഗാജലം ടാങ്കർ ലോറികളിൽ എത്തിച്ച് വിശ്വാസികൾക്ക് വിതരണം ചെയ്യണം. വർഷങ്ങളായി നടന്നു വരുന്ന ആചാരമാണെങ്കിലും കോവിഡ് മുൻനിർത്തി ഇക്കുറി നിയന്ത്രണം വേണമെന്നാണ് കേന്ദ്രസർക്കാറിന്‍റെ ആവശ്യം.
കോവിഡ് മാനദണ്ഡം പാലിച്ച് വേണം വിശ്വാസികൾക്ക് ഗംഗാജലം വിതരണം ചെയ്യാനെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.നേരത്തെ ഉത്തരാഖണ്ഡ് കൻവാർ യാത്രക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ, യു.പി കൻവാർ യാത്രക്ക് അനുമതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.