സമൂഹമാധ്യമ വിശകലന സംവിധാനം രൂപപ്പെടുത്താൻ കേന്ദ്രം
text_fieldsന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിന് വർഷം ബാക്കിനിൽക്കെ, സമൂഹമാധ്യമ ഇടപെടലുകൾ കർശനമായി നിരീക്ഷിച്ച് ജനങ്ങളുടെ അഭിപ്രായ-നിലപാടുകൾ അറിയാൻ കേന്ദ്രം ഒരുങ്ങുന്നു. ഇതിനായി ‘സമൂഹമാധ്യമ വിശകലന സംവിധാനം’ ഏർപ്പെടുത്തും. സർക്കാറിെൻറ പ്രതിച്ഛായ വർധിപ്പിക്കാനും വിമർശനങ്ങളെ അതിജീവിക്കാനുമുള്ള കാമ്പയിനുകൾക്ക് രൂപംനൽകാൻ ഇതുവഴി സാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. ഇതിനായി വാർത്തവിനിമയ മന്ത്രാലയം ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. വിവിധ ഡിജിറ്റൽ മാധ്യമ തലങ്ങളായ ട്വിറ്റർ, യൂട്യൂബ്, ഇൻസ്റ്റഗ്രാം, ബ്ലോഗുകൾ തുടങ്ങിയ വിലയിരുത്താനുള്ള നീക്കമാണ് നടക്കുന്നത്. ഇ-മെയിലുകളുടെ നിരീക്ഷണം സംബന്ധിച്ചും അറിയിപ്പിലുണ്ട്.
എന്നാൽ, വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാതെ ഇതെങ്ങനെ സാധ്യമാകുമെന്ന കാര്യം വ്യക്തമല്ല. മന്ത്രാലയം രൂപവത്കരിക്കുന്ന ‘സോഷ്യൽ മീഡിയ കമ്യൂണിക്കേഷൻസ് ഹബി’നുവേണ്ടിയാണ് വിശകലന സംവിധാനം രൂപപ്പെടുത്തുന്നത്. ലോകത്തിലെതന്നെ ഏറ്റവും വലിയ സമൂഹമാധ്യമ വിശകലന സംവിധാനമാണ് ഇതുവഴി വരാനിരിക്കുന്നത്.
ഡിജിറ്റൽ വിവരങ്ങളുടെ ഉപയോഗം, സ്വകാര്യത, അനുമതി തുടങ്ങിയ മേഖലകളിൽ ഇന്ത്യയിൽ കൃത്യമായ നിയമങ്ങൾ രൂപപ്പെട്ടിട്ടില്ല എന്നതിനാൽ, സമൂഹമാധ്യമ വിശകല സംവിധാനം രൂപപ്പെടുത്തുന്നത് ആശങ്കജനകമാണെന്ന് അഭിപ്രായമുയർന്നു.
ഡൽഹി കേന്ദ്രീകരിച്ച് പ്രധാന സംഘവും ഇന്ത്യയുടെ 716 ജില്ലകളിലും നിരീക്ഷകരെയും ഏർപ്പെടുത്താനാണ് നീക്കം. വിശകലന സംവിധാനം ‘സെർച് എൻജിനു’കൾ പോലെ പ്രവർത്തിക്കണമെന്നാണ് നിർദേശം. വിവിധ വിഷയങ്ങളിലെ അഭിപ്രായങ്ങൾ, കാമ്പയിനുകൾ, ഹാഷ്ടാഗുകൾ എന്നിവ ഇതുവഴി അറിയാനാകണം. രാജ്യതാൽപര്യത്തിനനുസൃതമായി പൊതുഅഭിപ്രായങ്ങൾ എങ്ങനെ രൂപപ്പെടുത്താം, ദേശീയവികാരം എങ്ങനെ ജനങ്ങളിലെത്തിക്കാം എന്നീ കാര്യങ്ങളിൽ നിർദേശവും സർക്കാർ ആരായുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.